റഫറിമാർക്കായി വൻതുക ചിലവാക്കി, ബാഴ്‌സലോണക്കെതിരെ അന്വേഷണം

സ്‌പാനിഷ്‌ ക്ലബായ ബാഴ്‌സലോണ റഫറിമാർക്ക് വേണ്ടി വലിയ തുക ചിലവാക്കിയെന്ന കാര്യത്തിൽ അന്വേഷണം നേരിടേണ്ടി വരുമെന്നുറപ്പായി. കഴിഞ്ഞ ദിവസം ബാഴ്‌സലോണയിലെ ഒരു കോടതി ക്ലബ് അഴിമതിയും ബിസിനസ് റെക്കോർഡിൽ തിരിമറിയും നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സ്പെയിനിലെ റഫറി കമ്മിറ്റി വൈസ് പ്രസിഡന്റായ ജോസ് മരിയ എൻറിക്വസ് നെഗ്രെയ്‌ര വഴിയാണ് ഈ തുക നൽകിയതെന്നാണ് റിപ്പോർട്ടുകൾ.

2001 മുതൽ 2018 വരെയുള്ള കാലയളവിൽ നെഗ്രെയ്‌രക്കും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്കും ബാഴ്‌സലോണ 7.4 മില്യൺ പൗണ്ട് നൽകിയെന്നാണ് റിപ്പോർട്ടുകളുള്ളത്. മുൻ ബാഴ്‌സലോണ പ്രസിഡന്റുമാരായ ജോസെപ് മരിയോ ബാർട്ടമോ, സാൻഡ്രോ റോസെൽ എന്നിവർക്ക് നേരെയാണ് അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ മുന നീളുന്നത്.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ലാ ലിഗ മേധാവിയായ ഹാവിയർ ടെബാസ് പ്രതികരിക്കുകയും ഈ തുക എങ്ങിനെ നൽകിയെന്ന കാര്യത്തിൽ മറുപടി നൽകാൻ കഴിയുന്നില്ലെങ്കിൽ നിലവിലെ പ്രസിഡന്റായ യോൻ ലപോർട്ട രാജി വെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. എന്നാൽ ബാഴ്‌സലോണ റഫറിമാരെ വാങ്ങിയിട്ടില്ലെന്നാണ് ഇതേക്കുറിച്ച് ലപോർട്ട പ്രതികരിച്ചത്.

ഇങ്ങിനെയൊരു തുക നൽകിയതിനെക്കുറിച്ച് തനിക്കും യാതൊന്നുമറിയില്ലെന്നാണ് ബാഴ്‌സലോണ പരിശീലകൻ സാവി പറഞ്ഞത്. എല്ലായിപ്പോഴും വിജയം നേടണമെന്നാണ് തന്റെ ആഗ്രഹമെന്നും അത് നീതിയുക്തമായി വേണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ബാഴ്‌സലോണ ഇത്തരമൊരു കാര്യം ചെയ്‌തു എന്നറിഞ്ഞാൽ താൻ ജോലിയിൽ നിന്നും മാറി നിൽക്കുമെന്നും സാവി പറഞ്ഞിരുന്നു.

4/5 - (1 vote)