റൊണാൾഡോയെ സാക്ഷി നിർത്തി മെസിയെ സ്വന്തമാക്കാൻ ടീമിനോടാവശ്യപ്പെട്ട് സൗദി ആരാധകർ

ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള പോരാട്ടം ഫുട്ബോൾ ലോകത്ത് വളരെ പ്രശസ്‌തമായ ഒന്നാണ്. ലോകഫുട്ബോളിൽ തങ്ങളെ രണ്ടു പേരെയും മറികടക്കാൻ ആരെയും അനുവദിക്കാൻ ഒരുപാട് കാലം ഇവർ തയ്യാറായിരുന്നില്ല. ഇവരിൽ രണ്ടു പേരിൽ ആരാണ് മികച്ചതെന്ന് കാര്യത്തിൽ തർക്കങ്ങൾ നിലനിന്നിരുന്നെങ്കിലും ഖത്തർ ലോകകപ്പിലെ വിജയത്തോടെ ലയണൽ മെസി കൃത്യമായി മുന്നിലേക്കെത്തിയിട്ടുണ്ട്.

ഖത്തർ ലോകകപ്പിനു ശേഷം പക്ഷെ റൊണാൾഡോയുടെ കരിയറിന് ഇടിവാണ് സംഭവിച്ചത്. യൂറോപ്പിൽ നിന്നും സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ തുടക്കത്തിൽ ഒന്ന് പതറിയെങ്കിലും പിന്നീട് മികച്ച ഫോമിൽ കളിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ താരത്തിന് ഗോളൊന്നും നേടാൻ കഴിഞ്ഞിരുന്നില്ല.

അൽ നസ്‌റിനെ തോൽപ്പിച്ച് അൽ ഇത്തിഹാദ് സൗദി ലീഗിൽ മുന്നിലെത്തിയ മത്സരത്തിൽ റൊണാൾഡോക്ക് തിളങ്ങാൻ കഴിഞ്ഞില്ലായിരുന്നു. ആ മത്സരത്തിനിടെ ലയണൽ മെസിയെ ടീമിലെത്തിക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള പോസ്റ്ററുകൾ അൽ ഇത്തിഹാദ് ആരാധകർ ഉയർത്തുകയും ചെയ്‌തു. മെസിയെ സൗദിയിലേക്കെത്തിക്കാൻ സൗദി ക്ലബുകൾ ശ്രമം നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ആരാധകർ ബാനർ ഉയർത്തിയത്.

മത്സരത്തിലുടനീളം റൊണാൾഡോയെ അൽ ഇത്തിഹാദ് ആരാധകർ വേട്ടയാടിയിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മെസി ചാന്റുകൾ അൽ ഇത്തിഹാദ് ആരാധകർ ഉയർത്തിയിരുന്നു. ആദ്യം റൊണാൾഡോ അതിനോട് ചിരിയോടെയാണ് പ്രതികരിച്ചതെങ്കിലും മത്സരത്തിൽ തോറ്റതോടെ താരം വളരെയധികം രോഷാകുലനായാണ് കാണപ്പെട്ടത്.

മത്സരത്തിൽ വിജയം നേടിയതോടെ അൽ നസ്‌റിനെ മറികടന്ന് അൽ ഇത്തിഹാദ് സൗദി പ്രൊ ലീഗിൽ ഒന്നാം സ്ഥാനത്ത് വന്നിരുന്നു. എന്നാൽ നിലവിൽ അൽ നസ്രിനെക്കാൾ ഒരു പോയിന്റ് മാത്രം മുന്നിലാണ് അൽ ഇത്തിഹാദ്. അതുകൊണ്ടു തന്നെ അവരെ മറികടന്ന് ലീഗിൽ കിരീടം നേടാൻ കഴിയുമെന്ന പ്രതീക്ഷ അൽ നസ്റിന് ഇപ്പോഴുമുണ്ട്.