ഒരിക്കലും അനുവദിക്കാൻ പാടില്ലാത്ത പെരുമാറ്റങ്ങൾ: അർജന്റീന താരങ്ങൾക്കെതിരെ വിമർശനവുമായി ഫ്രാൻസ് പരിശീലകൻ

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ കലാശ പോരാട്ടത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം നേടിയത്.ആവേശകരമായ മത്സരം പെനാൽറ്റി ഷൂട്ടൗട്ട് വരെ നീളുകയായിരുന്നു.പിന്നീട് ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസിന്റെ ഒരു മികവിലാണ് അർജന്റീന കിരീടം സ്വന്തമാക്കിയത്.

എന്നാൽ വേൾഡ് കപ്പ് ആഘോഷങ്ങൾക്കിടെ അർജന്റീന താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രവർത്തികളും പെരുമാറ്റങ്ങളും വലിയ രൂപത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേയെ പലകുറി അർജന്റീന താരങ്ങൾ അവഹേളിച്ചിരുന്നു.പ്രത്യേകിച്ച് അവരുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ് തന്നെയായിരുന്നു ഇതിനൊക്കെ മുന്നിൽ നിന്നിരുന്നത്.അന്ന് തന്നെ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.

പക്ഷേ ഫ്രാൻസിന്റെ പരിശീലകനായ ദിദിയർ ദെഷാപ്സ് ഇപ്പോഴും അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.ഒരിക്കലും അനുവദിക്കാൻ പാടില്ലാത്ത പെരുമാറ്റങ്ങളാണ് അർജന്റീന താരങ്ങളിൽ നിന്നും ഉണ്ടായത് എന്നാണ് ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.ക്ഷമാപണം നടത്തിയിട്ടും കാര്യമില്ലെന്നും എംബപ്പേക്കെതിരെ ചെയ്തതൊക്കെ വളരെയധികം കടുത്തു പോയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ആർഎംസി സ്പോർടാണ് ഇദ്ദേഹത്തിന്റെ വാക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

‘ഒരിക്കലും അനുവദിക്കാൻ പാടില്ലാത്ത പെരുമാറ്റങ്ങളാണ് അവരിൽ നിന്നും ഉണ്ടായത്.അവർ സന്തോഷിക്കുന്നതിലോ ചാടിക്കളിക്കുന്നതിലോ എനിക്ക് പ്രശ്നങ്ങൾ ഒന്നുമില്ല.പക്ഷേ മറ്റുള്ളവരോട് ബഹുമാനം വെച്ച് പുലർത്താത്തത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്.അപമര്യാദയായി പെരുമാറുന്നത് ആരും അർഹിക്കുന്നതല്ല.പ്രത്യേകിച്ച് കിലിയൻ എംബപ്പേ.അതിനുശേഷം ക്ഷമാപണങ്ങൾ ഒക്കെ ഉണ്ടായി.പക്ഷേ അദ്ദേഹത്തോട് ചെയ്തതൊക്കെ വളരെയധികം കടുത്തതാണ് ‘ഫ്രാൻസ് പരിശീലകൻ പറഞ്ഞു.

ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ പരാജയപ്പെട്ടുവെങ്കിലും ഈ പരിശീലകന്റെ കോൺട്രാക്ട് ഫ്രാൻസ് പുതുക്കിയിരുന്നു.2026 വരെ ദെഷാപ്സ് തന്നെയായിരിക്കും ഫ്രാൻസിനെ പരിശീലിപ്പിക്കുക.സിനദിൻ സിദാൻ ഈ സ്ഥാനത്തിന് വേണ്ടി ആഗ്രഹിച്ചിരുന്നുവെങ്കിലും അത് നടക്കാതെ പോവുകയായിരുന്നു.