ലയണൽ മെസ്സി ബാഴ്സലോണയിൽ തിരിച്ചുവരുന്നത് ബന്ധപ്പെട്ട് പിക്വെയുടെ പ്രതികരണം

ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കാനിരിക്കുന്ന ലയണൽ മെസി ഇതുവരെയും അത് പുതുക്കിയിട്ടില്ല. താരം ഈ സീസണു ശേഷം ക്ലബ് വിടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ഇപ്പോൾ ശക്തമാണ്. രണ്ടു സീസൺ പിഎസ്‌ജിയിൽ കളിച്ചിട്ടും ചാമ്പ്യൻസ് ലീഗിൽ മുന്നേറാൻ കഴിഞ്ഞില്ലെന്നതും ടീമിൽ തനിക്ക് വേണ്ട സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നതുമാണ് താരം ക്ലബ് വിടാനുള്ള സാധ്യത വർധിപ്പിക്കുന്നത്.

അതിനിടയിൽ ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള പദ്ധതികൾ താരത്തിന്റെ മുൻ ക്ലബായ ബാഴ്‌സലോണ ആരംഭിച്ചുവെന്ന റിപ്പോർട്ടുകളുമുണ്ട്. കഴിഞ്ഞ ദിവസം ബാഴ്‌സലോണയുടെ മുൻ താരമായ ജെറാർഡ് പിക്വ ഇതേക്കുറിച്ച് പ്രതികരിക്കുകയുണ്ടായി. മെസി ബാഴ്‌സലോണയിലേക്ക് വരാനുള്ള സാധ്യതയുണ്ടെന്നും എന്നാൽ അത് താരത്തിന്റെ തീരുമാനം പോലിരിക്കുമെന്നുമാണ് പിക്വ പറയുന്നത്.

“മെസിക്ക് മാത്രമേ മെസിയുടെ ഭാവി അറിയുകയുള്ളൂ. വ്യക്തിപരമായ നിലയിൽ ലോകകപ്പ് വിജയിക്കുകയെന്നത് താരത്തെ സംബന്ധിച്ച് സ്വപ്‌നം സാക്ഷാത്കരിച്ച സംഭവമാണ്. എക്കാലത്തെയും ഏറ്റവും മികച്ച താരമെന്ന നിലയിലേക്ക് കയറി നിൽക്കാൻ താരത്തിനു തടസമായി പറഞ്ഞിരുന്നത് ആ കിരീടം സ്വന്തമാക്കിയില്ലെന്നതാണ്.”

“ഇപ്പോൾ എല്ലാവർക്കും അക്കാര്യത്തിൽ വ്യക്തത വന്നിട്ടുണ്ട്. ഇനി എവിടെയാണ് സന്തോഷത്തോടെ തുടരാൻ കഴിയുകയെന്നു കണ്ടെത്തി താരം തീരുമാനിക്കുന്നതു പോലെ നടക്കും. ഏറ്റവും സ്വാഭാവികമായി സംഭവിക്കാൻ പോകുന്ന കാര്യം മെസി യൂറോപ്പിൽ തന്നെ തുടരും എന്നതാണ്.”

“ബാഴ്‌സ എല്ലായിപ്പോഴുമുണ്ടാകും. തിരിച്ചു വരുന്നത് താരത്തിനും ആരാധകർക്കും വളരെ വൈകാരികമായ കാര്യമായിരിക്കും. പക്ഷെ അതിൽ തീരുമാനം താരത്തിന്റേത് മാത്രമാണ്. മറ്റുള്ളവർ എന്ത് തന്നെ പറഞ്ഞാലും അതിൽ പ്രതിഫലിക്കുക താരത്തിനുള്ള പ്രചോദനവും വികാരങ്ങളും മാത്രമാണ്.” പിക്വ വ്യക്തമാക്കി.

5/5 - (1 vote)