ബാഴ്‌സയിലേക്കുള്ള മെസിയുടെ തിരിച്ചു വരവ്, പ്രതീക്ഷ നൽകുന്ന വെളിപ്പെടുത്തലുമായി ജെറാർഡ് റോമെരോ
ലയണൽ മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ ഉയർന്നു വരുന്ന സമയമാണിപ്പോൾ. ലോകകപ്പിന് ശേഷം താരം പിഎസ്‌ജി കരാർ പുതുക്കുമെന്നാണ് ആദ്യം റിപ്പോർട്ടുകൾ ഉണ്ടായിരുന്നതെങ്കിലും ഇപ്പോൾ അതിനുള്ള സാധ്യതകൾ മങ്ങിയിട്ടുണ്ട്. പിഎസ്‌ജിയിൽ തുടരാൻ മെസിക്കും താരത്തിന്റെ കരാർ പുതുക്കാൻ ക്ലബിനും താൽപര്യമില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.
അതിനിടയിൽ ലയണൽ മെസി തന്റെ മുൻ ക്ലബായ ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുമെന്ന റിപ്പോർട്ടുകളും സജീവമായി ഉയർന്നു വരുന്നുണ്ട്. ബാഴ്‌സലോണ പ്രസിഡന്റും മെസിയുടെ പിതാവും തമ്മിൽ ചർച്ച നടത്തിയതോടെ ഈ അഭ്യൂഹങ്ങൾ കൂടുതൽ ശക്തമാവുകയും ചെയ്‌തു. താരത്തെ സ്വന്തമാക്കാൻ ബാഴ്‌സക്കും ക്ലബ്ബിലേക്ക് തിരിച്ചു പോകാൻ മെസിക്കും താൽപര്യമുണ്ടെന്ന് വ്യക്തമാണ്.
അതിനിടയിൽ കാറ്റലൻ ജേർണലിസ്റ്റായ ജെറാർഡ് റൊമേരോ ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരാനുള്ള സാധ്യതളെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരാൻ അറുപതു ശതമാനം സാധ്യതയുണ്ടെന്നാണു റൊമേരോ പറയുന്നത്. എന്നാൽ മെസിയുടെ ട്രാൻസ്‌ഫർ ബാഴ്‌സയുടെ മുൻഗണനയിൽ ഉള്ള വിഷയമല്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
‼️ @gerardromero: “As of today, there is a 60% chance [that Messi will return to Barça]” 🇪🇸🗣️
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 14, 2023
pic.twitter.com/4nvYHtp0PO
റൈറ്റ് ബാക്ക്, സ്‌ട്രൈക്കർ, ലെഫ്റ്റ് വിങ്ങർ, സെന്റർ ബാക്ക് എന്നിങ്ങനെ നിരവധി പൊസിഷനുകളിലേക്ക് ബാഴ്‌സ താരങ്ങളെ എത്തിക്കേണ്ടതുണ്ട്. നിലവിൽ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ബാഴ്‌സലോണക്ക് ഈ പൊസിഷനിലേക്കുള്ള താരങ്ങളെയും അതിനൊപ്പം ലയണൽ മെസിയെയും സ്വന്തമാക്കാൻ കഴിയുന്ന കാര്യവും സംശയം തന്നെയാണ്.