പരിശീലകനുമായി എതിർപ്പ്, പിഎസ്‌ജി ട്രെയിനിങ് ഗ്രൗണ്ട് വിട്ട് ലയണൽ മെസി |Lionel Messi

റെന്നസിനെതിരായ ലീഗ് മത്സരത്തിന് മുൻപ് നടന്ന പരിശീലന സെഷനിൽ ലയണൽ മെസി പങ്കെടുത്തില്ലെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ലോകകപ്പിന് ശേഷമുള്ള അർജന്റീനയുടെ ആദ്യത്തെ മത്സരങ്ങൾ ഏതാനും ദിവസങ്ങൾക്ക് ശേഷം നടക്കുമെന്നിരിക്കെ താരത്തിന് പരിക്ക് പറ്റിയതാകുമോ എന്ന ആശങ്ക അർജന്റീന ആരാധകർക്ക് ഉണ്ടാവുകയും ചെയ്‌തു.

എന്നാൽ ലയണൽ മെസി പരിശീലനഗ്രൗണ്ട് വിട്ടത് പരിക്ക് കാരണമല്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മറിച്ച് പിഎസ്‌ജി പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയരുടെ പരിശീലനരീതികളിൽ മെസിക്ക് അഭിപ്രായവ്യത്യാസങ്ങൾ വന്നതാണ് താരം രോഷാകുലനായി ട്രെയിനിങ് ഗ്രൗണ് വിടാൻ കാരണമെന്നും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ട്രൈനിങ്ങിനിടെ 2vs2 എന്ന സെഷൻ പരിശീലകൻ താരങ്ങളെക്കൊണ്ട് നടത്തിച്ചിരുന്നു. എന്നാൽ മെസിക്കതിൽ യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല. അതുപോലെയുള്ള സെഷനുകൾ കൊണ്ട് കാര്യമൊന്നുമില്ലെന്ന നിലപാടെടുത്ത താരം പരിശീലനം നേരത്തെ നിർത്തുകയായിരുന്നു. ഗാൾട്ടിയാർ താരത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും താരം അതിനു തയ്യാറായില്ല.

ഈ സീസണിൽ മറ്റെല്ലാ ടൂർണമെന്റുകളിൽ നിന്നും പുറത്തായ പിഎസ്‌ജിക്ക് ആകെയുള്ള പ്രതീക്ഷ ഫ്രഞ്ച് ലീഗ് കിരീടമാണ്. എന്നാൽ ടീമിനുള്ളിൽ ഒരുപാട് പ്രശ്‌നങ്ങൾ പുകയുന്നതിനാൽ ആ കിരീടവും അവർക്ക് നേടാൻ കഴിയുമോയെന്ന് ഉറപ്പില്ലാത്ത അവസ്ഥയാണ്. അതിനിടയിലാണ് മെസി രോഷാകുലനായി ട്രെയിനിങ് ഗ്രൗണ്ട് വിട്ടത്.

അതേസമയം അർജന്റീന ആരാധകരെ സംബന്ധിച്ച് മെസി ട്രെയിനിങ് വേണ്ടെന്നു വെച്ചതും അടുത്ത മത്സരം കളിക്കാതിരിക്കുന്നതും സന്തോഷമുള്ള വാർത്തയാണ്. ഏതാനും ദിവസങ്ങൾക്കകം ലോകകപ്പ് വിജയം അർജന്റീനയിൽ ആഘോഷിക്കാൻ കൂടി വേണ്ടി സൗഹൃദമത്സരങ്ങൾ നടക്കുന്നതിൽ മെസി പങ്കെടുക്കണമെന്ന ആഗ്രഹമാണ് അവർക്കുള്ളത്.

Rate this post