ബയേണിനെ തകർത്തത് അർജന്റീന താരത്തിന്റെ ഇരട്ട ഗോളുകൾ,ഒന്നാം സ്ഥാനവും നഷ്ടമായി

ജർമൻ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്കിന് തോൽവി. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബയേർ ലെവർകൂസനാണ് ബയേണിനെ തോൽപ്പിച്ചത്. ബയേർ ലെവർകൂസന് വിജയം നേടിക്കൊടുത്ത രണ്ടു ഗോളുകളും നേടിയത് ലോകകപ്പ് നേടിയ അർജന്റീന ടീമിലുണ്ടായിരുന്ന താരമായ എസ്‌ക്വൽ പലാസിയോസാണ്.

രണ്ടു ടീമുകളും ഒരുപോലെ പൊരുതിയ മത്സരത്തിൽ ബയേൺ മ്യൂണിക്കാണ് ആദ്യം മുന്നിലെത്തിയത്. ജോഷ്വ കിമ്മിച്ച് ഇരുപത്തിരണ്ടാം മിനുട്ടിൽ നേടിയ ഗോൾ അവരെ മുന്നിലെത്തിച്ചു.അതിനു ശേഷം ഹാഫ് ടൈം വരെയും ഗോളുകളൊന്നും പിറന്നില്ല. എന്നാൽ ഹാഫ് ടൈമിന് ശേഷം വരുത്തിയ മാറ്റങ്ങളും ലെവർകൂസൻറെ പോരാട്ടവീര്യം ബയേണിനു തിരിച്ചടി നൽകി.

മോശം ഡിഫെൻഡിങ് കാരണമാണ് രണ്ടു പെനാൽറ്റികളും ബയേൺ മ്യൂണിക്ക് വഴങ്ങിയത്. അൻപത്തിയഞ്ചാം മിനുട്ടിൽ ലഭിച്ച ആദ്യത്തെ പെനാൽറ്റി കൃത്യതയോടെ ലക്ഷ്യത്തിലെത്തിച്ച പലാസിയോസ് അതിനു ശേഷം എഴുപത്തിമൂന്നാം മിനുട്ടിൽ സ്വന്തം മൈതാനത്ത് ടീമിന്റെ വിജയമുറപ്പിച്ച് മറ്റൊരു പെനാൽറ്റി കൂടി ലക്ഷ്യത്തിലെത്തിച്ചു.

ഇരുപത്തിനാലുകാരനായ പലാസിയോസ് ഈ സീസണിൽ മൂന്നു ഗോളുകളാണ് ലീഗിൽ നേടിയിട്ടുള്ളത്. മധ്യനിര താരമായ പലാസിയോസിന്റെ പേരിൽ രണ്ട അസിസ്റ്റുകളുമുണ്ട്. ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിൽ ഉണ്ടായിരുന്നെങ്കിലും താരത്തിന് ആദ്യ ഇലവനിൽ അവസരം ലഭിച്ചിട്ടില്ല. പകരക്കാരനായി ഏതാനും മത്സരങ്ങളിൽ താരം ഇറങ്ങിയിരുന്നു.

മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ബയേൺ മ്യൂണിക്ക് ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് വീണിട്ടുണ്ട്. ബൊറൂസിയ ഡോർട്ട്മുണ്ടുമായി ഒരു പോയിന്റ് മാത്രം വ്യത്യാസത്തിലാണ് ബയേൺ മ്യൂണിക്ക് രണ്ടാം സ്ഥാനത്തു നിൽക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ ക്വാർട്ടർ ഫൈനലിൽ നേരിടാനുള്ള ബയേണിന് ഈ തോൽവി ആശ്വാസം നൽകുന്നതല്ല.