ഇനി ലോകത്തിലെ ഏറ്റവും മനോഹരമായ ജേഴ്സി അണിയാനുള്ള സമയം : അർജന്റൈൻ ആരാധകർക്ക് ഡി മരിയയുടെ സന്ദേശം
ഖത്തർ വേൾഡ് കപ്പിന് ശേഷമുള്ള ആദ്യത്തെ ഇന്റർനാഷണൽ ബ്രേക്കിലേക്ക് ഫുട്ബോൾ ലോകം കടക്കുകയാണ്.സൗഹൃദ മത്സരങ്ങളോടൊപ്പം തന്നെ യൂറോപ്പിൽ യുറോ യോഗ്യത മത്സരങ്ങളും അരങ്ങേറുന്നുണ്ട്.എല്ലാ ടീമുകളും ഒരു പുതിയ തുടക്കം എന്നോണമാണ് ഇതിനെ കാണുന്നത്.വേൾഡ് കപ്പിന് ശേഷം പല ടീമുകളിലും അഴിച്ചു പണികൾ നടന്നിരുന്നു.
ഏറ്റവും കൂടുതൽ ആരാധകർ ആവേശപൂർവ്വം ഉറ്റുനോക്കുന്നത് ലോക ചാമ്പ്യന്മാരായ അർജന്റീനയിലേക്ക് തന്നെയാണ്.ജന്മനാട്ടിൽ വച്ച് രണ്ട് ഫ്രണ്ട്ലി മത്സരങ്ങളാണ് അർജന്റീന കളിക്കുന്നത്.പനാമ,കുറകാവോ എന്നിവർക്കെതിരെയാണ് അർജന്റീന ഫ്രണ്ട്ലി മത്സരങ്ങൾ കളിക്കുക.ഈ മത്സരങ്ങൾക്ക് ശേഷം ആരാധകർക്ക് മുന്നിൽ വേൾഡ് കപ്പ് കിരീടം അർജന്റീന പ്രദർശിപ്പിക്കും.മാത്രമല്ല സെലിബ്രേഷനുകളും നടത്താൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.
അർജന്റീനയുടെ മത്സരങ്ങൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കുന്നത് പോലെ തന്നെ ഓരോ താരങ്ങളും കാത്തിരിപ്പിലായിരുന്നു.അർജന്റീനയുടെ സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയയും ആവേശത്തിലാണ്.ഈ ഇന്റർനാഷണൽ ബ്രേക്കിനെ വരവേറ്റുകൊണ്ട് തന്റെ ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.വേൾഡ് കപ്പ് കിരീടത്തിൽ താൻ മുത്തം അർപ്പിക്കുന്ന ഒരു ചിത്രമാണ് ഡി മരിയ പങ്കുവെച്ചിട്ടുള്ളത്.അതിന് അദ്ദേഹം ഒരു ക്യാപ്ഷനും കുറിച്ചിട്ടുണ്ട്.
‘ഒരിക്കൽ കൂടി ലോകത്തിലെ ഏറ്റവും മനോഹരമായ ജേഴ്സി അണിയാനുള്ള സമയം വന്നെത്തിച്ചേർന്നു.മാത്രമല്ല എല്ലാ അർജന്റീനക്കാർക്കൊപ്പം വേൾഡ് കപ്പ് കിരീടം നേട്ടം ആഘോഷിക്കാനുള്ള ഒരു സമയം കൂടിയാണ് ഇത് ‘ ഇതായിരുന്നു എയ്ഞ്ചൽ ഡി മരിയ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നത്.
📲 Di Maria on IG: “And now it’s time to wear the most beautiful shirt in the world again and to enjoy the World Cup with all Argentinians.” pic.twitter.com/LscYHTn22W
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 20, 2023
ഖത്തർ വേൾഡ് കപ്പിന് ശേഷം അർജന്റീനയുടെ ദേശീയ ടീമിൽ നിന്നും വിരമിക്കും എന്നുള്ള ഒരു പ്രഖ്യാപനം നേരത്തെ ഡി മരിയ നടത്തിയിരുന്നു. പക്ഷേ വേൾഡ് കപ്പിൽ അദ്ദേഹം മികച്ച പ്രകടനം നടത്തി എന്നു മാത്രമല്ല അർജന്റീന കിരീടം നേടുകയും ചെയ്തിരുന്നു.ഇതോടെ അദ്ദേഹം തന്റെ തീരുമാനം മാറ്റിക്കൊണ്ട് അർജന്റീനയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.അടുത്തവർഷം നടക്കുന്ന കോപ്പ അമേരിക്ക വരെ ഡി മരിയ അർജന്റീനയുടെ ദേശീയ ടീമിനോടൊപ്പം ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.