ഒരു കിരീടം കൂടി നേടാൻ ബാക്കിയുണ്ടെന്നോർമ വേണം, മെസിയോട് കോൺമെബോൾ പ്രസിഡന്റ്
ഖത്തർ ലോകകപ്പ് നേട്ടത്തിലൂടെ കരിയറിൽ ഇനി നേടാൻ കിരീടങ്ങളൊന്നും ബാക്കിയില്ലെന്ന തലത്തിലേക്ക് മെസി എത്തിയിട്ടുണ്ട്. ക്ലബ് തലത്തിൽ എല്ലാ കിരീടങ്ങളും നേരത്തെ തന്നെ സ്വന്തമാക്കിയിട്ടുള്ള ലയണൽ മെസി അർജന്റീന ടീമിനൊപ്പം കഴിഞ്ഞ രണ്ടു വർഷത്തിനിടെ സാധ്യമായ എല്ലാ കിരീടങ്ങളും നേടിയതോടെയാണ് ഈ തലത്തിലേക്ക് എത്തിയത്.
അതേസമയം ലയണൽ മെസിക്ക് സ്വന്തമാക്കാൻ ഇനിയൊരു നേട്ടം കൂടി ബാക്കിയുണ്ടെന്നാണ് സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഡൊമനിക് റോഡ്രിഗസ് പറയുന്നത്. കഴിഞ്ഞ ദിവസം എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ മെസിയുടെ പ്രതിമ കോൺമെബോൾ ആസ്ഥാനത്ത് അനാച്ഛാദനം ചെയ്‌തതിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ചടങ്ങിനിടെ മെസി ദേശീയ ടീമിനായി സ്വന്തമാക്കിയ ഓരോ കിരീടങ്ങളും കൊണ്ട് വന്നിരുന്നു. ഇതിനിടയിലാണ് റോഡ്രിഗസിന്റെ പ്രതികരണം ഉണ്ടായത്. “ഈ കിരീടങ്ങളെല്ലാം നേടി, ഇനിയൊരു കോപ്പ ലിബർട്ടഡോസ് എന്ന കിരീടം കൂടി നേടാൻ ബാക്കിയുണ്ട്” എന്നാണ് അദ്ദേഹം പറഞ്ഞത്. വളരെ നിഷ്‌കളങ്കത നിറഞ്ഞ ചിരി മാത്രമായിരുന്നു അതിനുള്ള മെസിയുടെ മറുപടി.
ലയണൽ മെസി ബാല്യകാലത്ത് അർജന്റീനിയൻ ക്ലബായ നെവെൽസ് ഓൾഡ് ബോയ്‌സിനു വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും താരത്തിന്റെ പ്രൊഫെഷണൽ കരിയർ യൂറോപ്പിൽ മാത്രമായിരുന്നു. ചെറുപ്പത്തിൽ തന്നെ ബാഴ്‌സലോണയിലേക്ക് ചേക്കേറിയ താരം അവിടെ തുടങ്ങി പിന്നീട് പ്രൊഫെഷണൽ കരിയറിൽ പിഎസ്‌ജിക്ക് വേണ്ടി മാത്രമാണ് കളിച്ചിട്ടുള്ളത്.
CONMEBOL president Alejandro Domínguez to Lionel Messi: "This cup you already have. What you are missing is the Libertadores". Via @TyCSports.pic.twitter.com/nO046OwTnq
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) March 27, 2023
ലയണൽ മെസിയുടെ ഭാവിയുടെ കാര്യത്തിൽ അനിശ്ചിതത്വങ്ങളുണ്ടെങ്കിലും താരം അർജന്റീനയിലേക്ക് ഇപ്പോൾ വരാൻ യാതൊരു സാധ്യതയുമില്ല. നിലവിൽ യൂറോപ്പിൽ തുടരാൻ ആഗ്രഹിക്കുന്ന മെസി അതിനു ശേഷം അമേരിക്കയിലേക്ക് ചേക്കേറാനാണ് സാധ്യത. എന്നാൽ നേവൽസ് ഓൾഡ് ബോയ്‌സിൽ കളിക്കാൻ മെസിയെത്തിയാൽ ഈ നേട്ടവും സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കാം.