‘മൂന്നു ദിവസം ഞാൻ ഇരുന്ന് കരഞ്ഞു’ : പരിക്ക് എന്നെ ലോകകപ്പ് കളിക്കുന്നതിൽ നിന്ന് തടയുമെന്ന് അറിഞ്ഞപ്പോൾ… |Giovanni Lo Celso

നീണ്ട നാളത്തെ ഇടവേളക്ക് ശേഷം അര്ജന്റീന മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.ഒക്‌ടോബർ അവസാനത്തിൽ ഹാംസ്ട്രിംഗിന് പരിക്കേറ്റതിനെത്തുടർന്ന് ഖത്തർ ലോകകപ്പ് നഷ്‌ടമായ താരം ഇന്നലെ കുറസാവൊക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ലയണൽ മെസ്സിയുടെ നൂറാം അന്താരാഷ്ട്ര ഗോളിന് അസിസ്റ്റ് നൽകിക്കൊണ്ടാണ് ടീമിലേക്ക് തിരിച്ചു വന്നത്.

നിലവിൽ വില്ലാറിയലിൽ ലോണിൽ കഴിയുന്ന ജിയോയുടെ അഭാവം ലോകകപ്പിൽ അർജന്റീനക്ക് വലിയ നഷ്ടം തന്നെയായിരുന്നു. പക്ഷെ എൻസോ ഫെർണാണ്ടസ് മാക്അലിസ്റ്റർ എന്നിവർ ആ വിടവ് മനോഹരമായി നികത്തി. ലോകകപ്പ് നഷ്ടമായതിനെ കുറിച്ചും അർജന്റീന ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചും ജിയോ ലോ സെൽസോ സംസാരിച്ചു.

“ഈ ജേഴ്സി വീണ്ടും ധരിക്കുന്നതും മൈതാനത്ത് എന്റെ സഹതാരങ്ങൾക്കൊപ്പം ആസ്വദിക്കുന്നതും എനിക്ക് വളരെ വൈകാരികമായ നിമിഷമാണ്. ഞങ്ങളുടെ ടീമിനോടും ആരാധകർക്കൊപ്പവും ഞാൻ അത് പൂർണ്ണമായി ആസ്വദിക്കാൻ ശ്രമിച്ചു.തുടക്കം മുതൽ ഇത് വളരെ ചലനാത്മകമായിരുന്നു. പരിക്ക് എന്നെ ലോകകപ്പ് കളിക്കുന്നതിൽ നിന്ന് തടയുമെന്ന് അറിഞ്ഞപ്പോൾ മൂന്ന് ദിവസം ഞാൻ ബാത്ത്റൂമിൽ ഇരുന്നു കരഞ്ഞു”.

“ജീവിതം അങ്ങനെയാണ് , പക്ഷെ എന്റെ മകളുടെ ജനനസമയത്ത് എനിക്ക് ഒപ്പമുണ്ടാണ് സാധിച്ചു.ഓപ്പറേഷൻ ഒഴിവാക്കാനും ലോകകപ്പിൽ എത്താനും എല്ലാം ശ്രമിച്ചെങ്കിലും അത് അസാധ്യമായി. അതിനാൽ എനിക്ക് പേജ് മറിക്കേണ്ടിവന്നു. വീണ്ടും ഇവിടെയെത്താൻ കഴിഞ്ഞതിന് കോച്ചിംഗ് സ്റ്റാഫിനും എന്റെ ടീമംഗങ്ങൾക്കും ഞാൻ നന്ദി പറയുന്നു” ലോ സെൽസോ പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തിൽ ലയണൽ മെസ്സിയുടെ തകർപ്പൻ ഹാട്രിക്കിന്റെ ബലത്തിൽ ഏഴു ഗോളിന്റെ ജയമാണ് കുറസാവൊക്കെതിരെ അര്ജന്റീന നേടിയത്. ലയണൽ മെസ്സിക്ക് പുറമെ നിക്കോളാസ് ഗോൺസാലസ്, എൻസോ ഫെർണാണ്ടസ് ,ഡി മരിയ ,ഗോൺസാലോ മോണ്ടിയേൽ എന്നിവരാണ് അര്ജന്റീനക്കായി മറ്റു ഗോളുകൾ നേടിയത്. ലോ സെൽസോ രണ്ടു അസിസ്റ്റുകളുമായി മികച്ച തിരിച്ചു വരവ് നടത്തി.

Rate this post