ചെകുത്താനും നടുകടലിനും ഇടയിൽ പെട്ട് ഖലീഫി, മെസ്സിയുടെ കാര്യത്തിൽ ഖത്തർ അമീറിന്റെ ഇടപെടൽ |Lionel Messi

ലയണൽ മെസ്സിയുടെ കരാർ പുതുക്കാനാവാത്തത് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ വലിയ തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്.മെസ്സി ഖത്തർ വേൾഡ് കപ്പിന് ശേഷം കോൺട്രാക്ട് പുതുക്കും എന്നായിരുന്നു ക്ലബ്ബിന്റെ പ്രതീക്ഷകൾ.പക്ഷേ സമീപകാലത്ത് ആ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയായിരുന്നു.പിഎസ്ജിയുടെ പ്രകടനം മോശമായതും ആരാധകരുടെ മോശം പെരുമാറ്റവുമൊക്കെ മെസ്സിയെ മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.

തന്റെ മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്ക് മടങ്ങിപ്പോവാനാണ് മെസ്സി ഇപ്പോൾ ആഗ്രഹിക്കുന്നത്.ബാഴ്സ അതിനുള്ള ശ്രമങ്ങൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നു.ബാഴ്സ മേധാവികൾ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകൾ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇതോടുകൂടി യഥാർത്ഥത്തിൽ പ്രതിരോധത്തിലായത് പിഎസ്ജി അധികൃതർ തന്നെയാണ്.

ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്സ് ആണ് പിഎസ്ജിയുടെ ഉടമകൾ.പ്രസിഡന്റായി കൊണ്ട് നാസർ അൽ ഖലീഫി ഉണ്ടെങ്കിലും തീരുമാനങ്ങളിൽ പലതും ഖത്തർ ഭരണാധികാരികളിൽ നിന്നു കൂടിയാണ്.പിഎസ്ജിയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്ന വ്യക്തിയാണ് ഖത്തർ അമീർ.പ്രത്യേകിച്ച് ലയണൽ മെസ്സിയുടെ കാര്യത്തിൽ.

മെസ്സിയുടെ കോൺട്രാക്ട് എന്ത് വിലകൊടുത്തും പുതുക്കണം എന്നുള്ള കാര്യം ഖത്തർ അമീർ ക്ലബ്ബ് പ്രസിഡണ്ടിനെ അറിയിച്ചതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ആ റിപ്പോർട്ടുകൾ വീണ്ടും സജീവമായിട്ടുണ്ട്.ഫ്രാൻസിസ് അഗിലാർ ചില വിവരങ്ങൾ നൽകിയിട്ടുണ്ട്.അതായത് ബാഴ്സയുമായി ബന്ധപ്പെട്ട റൂമറുകൾ വർദ്ധിച്ചതോടെ ഒരിക്കൽ കൂടി ഖത്തർ അമീർ ഇക്കാര്യത്തിൽ ഇടപെട്ടിട്ടുണ്ട്. ക്ലബ്ബിന്റെ പ്രസിഡണ്ട് ആയ നാസർ അൽ ഖലീഫിയിൽ കൂടുതൽ സമ്മർദം ചെലുത്തുകയാണ് ഇദ്ദേഹം ചെയ്തിട്ടുള്ളത്.

മെസ്സിയെ നഷ്ടപ്പെടുത്തരുത്,അദ്ദേഹത്തെ ക്ലബ്ബിൽ തന്നെ നിലനിർത്തണം എന്നാണ് ഖത്തർ അമീറിന്റെ നിർദ്ദേശം.പക്ഷേ നിലവിൽ മെസ്സി വഴങ്ങുന്ന ലക്ഷണവും ഇല്ല.ചുരുക്കത്തിൽ ചെകുത്താനും നടുകടലിനും ഇടയിൽ പെട്ട ഒരു അവസ്ഥയിലാണ് നാസർ അൽ ഖലീഫി ഉള്ളത്.ഉടൻതന്നെ ഈ വിഷയത്തിൽ ഒരു ശാശ്വത പരിഹാരം കാണാൻ കഴിയുമെന്നാണ് പിഎസ്ജി പ്രതീക്ഷിക്കുന്നത്.മെസ്സിയെ നിലനിർത്താനുള്ള ശ്രമങ്ങൾ അവസാന നിമിഷം വരെ ക്ലബ്ബിൽ നിന്നും ഉണ്ടാവും എന്നുള്ള കാര്യം തീർച്ചയാണ്.

3.7/5 - (12 votes)