പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ടതിന് ഖേദം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ടതിന് ഖേദം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ടീമിന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.സംഭവത്തില്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ അച്ചടക്ക നടപടിക്ക് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് ടീം ക്ഷമാപണം നടത്തിയത്.

‘മാര്‍ച്ച് മൂന്നിന് ബെംഗളൂരു എഫ്‌സിയുമായി നടന്ന നോക്കൗട്ട് മത്സരത്തില്‍ ഉണ്ടായ സംഭവങ്ങള്‍ക്ക് ആത്മാര്‍ഥമായ ഖേദം പ്രകടിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. മത്സരത്തിനിടെ മൈതാനം വിട്ട തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. നമ്മുടെ വലിയ ഫുട്‌ബോള്‍ പാരമ്പര്യത്തെയും സൗഹൃദത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ടെന്ന കാര്യം ആവര്‍ത്തിക്കുന്നു. കൂടാതെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അറിയിക്കുന്നു’, ബ്ലാസ്റ്റേഴ്‌സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

നേരത്തെ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്വീകരിച്ച അച്ചടക്കനടപടിക്കെതിരേ ക്ലബ്ബ് അപ്പീല്‍ നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിന് നില്‍ക്കാതെയാണ് ഇപ്പോള്‍ ക്ലബ്ബ് ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്സ് പ്ലെ ഓഫ് മത്സരം ഏറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു. എക്സ്ട്രാ ടൈമിലെ സുനിൽ ഛേത്രിയുടെ വിവാദ ഗോളിൽ പ്രതിഷേധിച്ച് പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ നേതൃത്വത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കളി മതിയാക്കി മൈതാനം വിടുകയും ചെയ്തു.

ആ വിഷയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കുറ്റക്കാരാണ് എന്നുള്ളത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കമ്മിറ്റി വിധിച്ചിരുന്നു. ബ്ലാസ്റ്റേഴ്സ് ടീം പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും നാല് കോടി രൂപ പിഴയടക്കക്കണമെന്നും ഫുട്ബോള്‍ ഫെഡറേഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.മാപ്പ് പറയാത്ത പക്ഷം പിഴത്തുക ആറുകോടി രൂപയാക്കി ഉയര്‍ത്തുമെന്നും ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.

കേരള ബ്ലാസ്റ്റേഴ്സിന് പിഴ ചുമത്തിയതിന് പുറമേ ടീം പരിശീലകന്‍ ഇവാന്‍ വുകമനോവിച്ചിനെ 10 മത്സരങ്ങളില്‍ നിന്ന് വിലക്കിയിട്ടുമുണ്ട്. വുക്മനോവിച്ചിന് വിലക്കിന് പുറമേ അഞ്ച് ലക്ഷം രൂപ പിഴയുമൊടുക്കണം. വുകമനോവിച്ചിനോടും പരസ്യമായി ഖേദപ്രകടനം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്, ക്ഷമാപണം നടത്തിയില്ലെങ്കില്‍ പിഴത്തുക പത്ത് ലക്ഷമാക്കും എന്ന് പറഞ്ഞിരുന്നു. ക്ലബ് മാപ്പ് പറഞ്ഞതോടെ ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ ഫൈൻ ഉയരുകയില്ല എന്ന് വ്യക്തമായിരിക്കുകയാണ്.

Rate this post