റയലിനെ ചാമ്പ്യൻസ് ലീഗിൽ കീഴടക്കണം, പുതിയ പരിശീലകനുമായി ചെൽസി ചർച്ചകൾ നടത്തുന്നു
ടോഡ് ബോഹ്‍ലി ചെൽസിയുടെ ഉടമയായതിനു ശേഷം ക്ലബിന് കഷ്ടകാലമാണെന്നു തന്നെ പറയേണ്ടി വരും. തോമസ് ടുഷെലുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അദ്ദേഹത്തെ പുറത്താക്കി ഗ്രഹാം പോട്ടറെ നിയമിച്ചെങ്കിലും ടീമിനൊരു മെച്ചവുമുണ്ടായില്ല. അവസരങ്ങൾ നൽകിയിട്ടും പോട്ടർക്ക് ടീമിനെ മെച്ചപ്പെടുത്താൻ കഴിഞ്ഞില്ലെന്നതു കൊണ്ട് അദ്ദേഹത്തെയും ദിവസങ്ങൾക്ക് മുൻപ് ചെൽസി പുറത്താക്കി.
പോട്ടർ പുറത്തായതിന് ശേഷമുള്ള ആദ്യത്തെ മത്സരം ചെൽസി കഴിഞ്ഞ ദിവസം ലിവർപൂളിനെതിരെ കളിച്ചിരുന്നു. താൽക്കാലിക പരിശീലകനായ ബ്രൂണോ സാൾട്ടയറാണ് മത്സരത്തിൽ ടീമിനെ നയിച്ചത്. അടുത്ത മത്സരങ്ങളിൽ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ നേരിടാൻ തയ്യാറെടുക്കുന്ന ചെൽസി അപ്പോഴേക്കും പുതിയ പരിശീലകനെ നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ്.
നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ചെൽസി നേതൃത്വം ചർച്ചകൾ നടത്തുന്നത് സ്‌പാനിഷ് പരിശീലകനായ ലൂയിസ് എൻറിക്വയുമായാണ്. ലോകകപ്പിന് ശേഷം സ്പെയിൻ ടീമിന്റെ പരിശീലകസ്ഥാനമൊഴിഞ്ഞ അദ്ദേഹത്തിന് ചെൽസിയിലേക്ക് വരാൻ താൽപര്യമുണ്ട്. ഇതിന്റെ ഭാഗമായുള്ള ചർച്ചകൾ നടത്തുന്നതിനായാണ് അദ്ദേഹം എത്തിയിരിക്കുന്നത്.
അതേസമയം എൻറിക്വയെ പരിശീലകനായി നിയമിക്കുമെന്ന കാര്യത്തിൽ ചെൽസി തീരുമാനമൊന്നും ഇതുവരെ എടുത്തിട്ടില്ല. അദ്ദേഹത്തിൽ മതിപ്പുണ്ടായാൽ ചെൽസി നിയമിക്കാൻ തയ്യാറാകുന്നുണ്ടാകും. ജൂലിയൻ നാഗേൽസ്‌മാൻ, മൗറീസിയോ പോച്ചട്ടിനോ, ലൂസിയാനോ സ്‌പല്ലെറ്റി തുടങ്ങിയവർ ചെൽസിയുടെ ലിസ്റ്റിലുള്ള പരിശീലകനാണ്.
BREAKING: Luis Enrique is understood to be in London to hold talks with Chelsea over the vacant manager’s job 🔵 pic.twitter.com/bUN1jlJ59H
— Sky Sports News (@SkySportsNews) April 5, 2023
ബാഴ്‌സലോണക്കൊപ്പം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ പരിശീലകനാണ് ലൂയിസ് എൻറിക്വ, ഒരു ചാമ്പ്യൻസ് ലീഗും രണ്ടു ലീഗുമടക്കമുള്ള നേട്ടങ്ങൾ അദ്ദേഹം ബാഴ്‌സലോണ പരിശീലകനായിരിക്കെ സ്വന്തമാക്കി. അതേസമയം സ്പെയിൻ ടീമിനൊപ്പമുള്ള അദ്ദേഹത്തിന്റെ റെക്കോർഡ് അത്ര മികച്ചതല്ലെന്നത് ചെൽസിക്ക് ആശങ്ക സൃഷ്‌ടിക്കുന്ന കാര്യമാണ്.