ചെൽസിയെ രക്ഷിക്കാൻ അർജന്റൈൻ പരിശീലകൻ എത്തുമോ? സാധ്യതകൾ സജീവം!

പരിശീലകർ വാഴാത്ത ക്ലബ്ബാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി. പുറത്താക്കപ്പെട്ട തോമസ് തുഷേലിന് പകരമായി കൊണ്ടായിരുന്നു ഗ്രഹാം പോട്ടർ വന്നിരുന്നത്.എന്നാൽ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് അദ്ദേഹത്തിനും സ്ഥാനം നഷ്ടമാവുകയായിരുന്നു.

നിലവിൽ ഒരു താൽക്കാലിക പരിശീലകനായി കൊണ്ട് അവർ അവരുടെ ഇതിഹാസമായ ഫ്രാങ്ക്‌ ലംപാർഡിനെ നിയമിച്ചിട്ടുണ്ട്.പക്ഷേ അടുത്ത സീസണിലേക്ക് ഒരു സ്ഥിര പരിശീലകനെ ചെൽസിക്ക് ആവശ്യമുണ്ട്.പ്രധാനമായും രണ്ടുപേരെയാണ് അവർ ഇപ്പോൾ പരിഗണിച്ചു കൊണ്ടിരിക്കുന്നത്.ജൂലിയൻ നഗൽസ്മാൻ,ലൂയിസ് എൻറിക്കെ എന്നിവരാണ് ആ പരിശീലകർ.ഇതിന് പുറമേ മറ്റൊരു പ്രശസ്ത പരിശീലകനായ മാഴ്സെലോ ഗല്ലാർഡോയെ ചെൽസി പരിഗണിക്കുന്നുണ്ട്.അവർ ഈ പരിശീലകനുമായി കോൺടാക്ട് ചെയ്തു കഴിഞ്ഞു എന്നുള്ള കാര്യം അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഫ്രാങ്ക്‌ ലംപാർഡ് ഈ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിനു മുന്നേ തന്നെ ഇവർ ബന്ധപ്പെട്ടിരുന്നു.പക്ഷേ ഈ സീസണിന്റെ മധ്യത്തിൽ വെച്ച് പരിശീലകനാവാൻ ഗല്ലാർഡോ വിസമ്മതിക്കുകയായിരുന്നു.അതുകൊണ്ടുതന്നെ ഈ സീസണിന് ശേഷം ജൂൺ മാസത്തിൽ വീണ്ടും ചെൽസി ഗല്ലാർഡോയുമായി ചർച്ച നടത്തും.അതിന് ശേഷമായിരിക്കും ഗല്ലാർഡോ ഒരു അന്തിമ തീരുമാനം എടുക്കുക.

2014 മുതൽ 2022 വരെ അർജന്റീന ക്ലബ്ബായ റിവർ പ്ലേറ്റിനെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. അവർക്ക് വേണ്ടി ഒരുപാട് നേട്ടങ്ങൾ നേടിക്കൊടുത്ത പ്രശസ്തനായ പരിശീലകൻ കൂടിയാണ് ഗല്ലാർഡോ.രണ്ട് തവണ കോപ ലിബർട്ടഡോറസ് നേടിക്കൊടുക്കാൻ ഈ പരിശീലകന് കഴിഞ്ഞിട്ടുണ്ട്.ഏതായാലും അടുത്ത സീസണിൽ അദ്ദേഹം ഇംഗ്ലീഷ് പ്രീമിയർ ലീഗ് അരങ്ങേറ്റം നടത്തുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

5/5 - (1 vote)