ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഇടിവെട്ട് കളി, ആദ്യപാദം തന്നെ വരുതിയിലാക്കാൻ സിറ്റിയും ബയേൺ മ്യുണിക്കും നേർക്കുനേർ
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരം ഇന്നുമുതൽ ആരംഭിക്കുകയാണ്.കിരീട പ്രതീക്ഷയുമായി വരുന്ന പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും, ജർമൻ വമ്പന്മാരായ ബയേൺ മ്യുണിക്കും നേർക്കുനേർ പോരാടുമ്പോൾ ആര് ജയിക്കും എന്നുള്ളത് പ്രവചനാതീതമാണ്.
മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ ലീഗിൽ മോശം പ്രകടനം തുടരുന്ന ഇന്റർ മിലാനും പോർച്ചുഗലിൽ തകർപ്പൻ പ്രകടനത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ബെൻഫികയും നേർക്ക് നേർ പോരാടും. തുടർച്ചയായി ആറു മത്സരങ്ങളിൽ ജയമില്ലാതെ പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ് ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനുള്ളത് എന്നുള്ളത് ബെൻഫികക്ക് സാധ്യത വർദ്ധിപ്പിക്കുന്നു.
ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നംപേറി കുറേക്കാലമായി നടക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. കപ്പിനും ചുണ്ടിനുമിടയിൽ പലതവണ കൈവിട്ടിട്ടുണ്ട് മാഞ്ചസ്റ്റർ സിറ്റിക്ക്. എന്നാൽ ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയുമെന്ന് പ്രതീക്ഷ ഏറ്റവും കൂടുതലുള്ള ഒരു ക്ലബ്ബാണ് പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. പ്രീമിയർ ലീഗിൽ തുടർച്ചയായി മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നുണ്ടെങ്കിലും ചാമ്പ്യൻസ് ലീഗിൽ എത്തുമ്പോൾ ആ പ്രകടനം തുടരാൻ കഴിയുന്നില്ല എന്നത് മാഞ്ചസ്റ്റർ സിറ്റിക്ക് വലിയൊരു കുറവാണ്.
ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം നടത്താറുള്ള ബയേൺ മ്യുണിക് നിലവിൽ ബുണ്ടസ് ലീഗയിൽ ഒന്നാം സ്ഥാനത്താണ്. ഇന്ന് ഇന്ത്യൻ സമയം 12 30ന് നടക്കുന്ന ആദ്യ പാദക്വാർട്ടർ ഫൈനൽ മത്സരം മാഞ്ചസ്റ്ററിലെ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ്,രണ്ടാം പാദ മത്സരം ഏപ്രിൽ 19 വ്യാഴാഴ്ച ബയേൺന്റെ ഹോം ഗ്രൗണ്ടായ അലിയസ് അരെനയിൽ നടക്കും.