ബാഴ്സലോണ പ്രസിഡണ്ടും മെസ്സിയുടെ അച്ഛനും വീണ്ടും കൂടി കാഴ്ച നടത്തി,മെസ്സി പാരീസിൽ തുടരില്ല |Lionel Messi
ലയണൽ മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെ ബാഴ്‌സലോണ പ്രസിഡന്റായ യോൻ ലപോർട്ടയും മെസിയുടെ പിതാവും ഏജന്റുമായ ജോർജ് മെസിയും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയതായി റിപ്പോർട്ടുകൾ. ഈ രണ്ടു പേരും ഇതിനു മുൻപേ തന്നെ കൂടിക്കാഴ്‌ച നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് വീണ്ടും ആരാധകർക്ക് പ്രതീക്ഷ ലഭിക്കുന്നത്.
ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന ലയണൽ മെസി ഇതുവരെയും അത് പുതുക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. പിഎസ്‌ജി താരത്തിന് മുന്നിൽ പുതിയ ഓഫർ വെച്ചെങ്കിലും താരം ഇതുവരെയും അത് പരിഗണിച്ചിട്ടില്ല. ആരാധകരടക്കം തനിക്ക് എതിരായ സാഹചര്യത്തിൽ ടീമിനൊപ്പം തുടരില്ലെന്നാണ് മെസി തീരുമാനിച്ചിരിക്കുന്നത്.
ഈ സമയത്താണ് മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള പദ്ധതികൾ ബാഴ്‌സലോണ നേതൃത്വം ആരംഭിക്കുന്നത്. രണ്ടു വര്ഷം മുൻപ് തങ്ങൾ കൈവിട്ട താരത്തെ തിരിച്ചെത്തിക്കാൻ അവർക്ക് ലഭിച്ച സുവർണാവസരമാണിത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയമാണെങ്കിലും മെസിയെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങൾ അവർ ആരംഭിച്ചിട്ടുണ്ട്.
നിലവിലെ റിപ്പോർട്ടുകൾ പ്രകാരം മെസിയുടെ പിതാവും ബാഴ്‌സലോണ പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയതിൽ പ്രധാനമായും ചർച്ച ചെയ്‌തത് താരത്തിന് ആദരവ് നൽകുന്ന മത്സരത്തെക്കുറിച്ചായിരുന്നു. ട്രാൻസ്‌ഫർ കാര്യങ്ങൾ ചർച്ച ചെയ്‌തില്ലെങ്കിലും രണ്ടു പക്ഷവും തമ്മിൽ മുൻപ് നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇതിലൂടെ ഇല്ലാതാകുമെന്ന കാര്യത്തിൽ തർക്കമില്ല.
PSG star Messi moves a step closer to sensational Barcelona return. His father and agent Jorge met club president Laporta, preliminary talks begin.@imrantransam78 @gulf_news #barcelona #psg #messi #Messi𓃵 #LionelMessi #barca #Messibarcelona #laporta https://t.co/dVooPbXNvb
— Gulf News Sport (@GulfNewsSport) April 11, 2023
മെസിയെ തിരിച്ചെത്തിക്കാൻ താരവുമായുണ്ടായിരുന്ന ബന്ധം പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരണമെന്ന് ബാഴ്‌സലോണ പ്രസിഡന്റ് പറഞ്ഞിരുന്നു. അതിനു വേണ്ടിയുള്ള നീക്കങ്ങളാണ് ഇപ്പോൾ ആരംഭിച്ചതെന്നാണ് ഇപ്പോൾ മനസിലാക്കാൻ കഴിയുന്നത്. ഇതിനു ശേഷം ലപോർട്ടയും ലയണൽ മെസിയും തമ്മിൽ കൂടിക്കാഴ്‌ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.