ചെൽസിയെയും വീഴ്ത്തി റയൽ മാഡ്രിഡ് കുതിക്കുന്നു : എസി മിലാന് മുന്നിൽ നാപോളിക്ക് അടിതെറ്റി
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ചെൽസിക്കെതിരെ വിജയവുമായി റയൽ മാഡ്രിഡ്. ബെര്ണാബ്യൂവിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന്റെ വിജയമാണ് റയൽ മാഡ്രിഡ് നേടിയത്. കരീം ബെൻസെമയുടെയും പകരക്കാരനായ മാർക്കോ അസെൻസിയോയുടെയും ഗോളുകളാണ് റയലിന് വിജയമൊരുക്കി കൊടുത്തത്. 21 ആം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിൽ നിന്നുള്ള പാസിൽ നിന്നും ബെൻസൈമാ റയലിന്റെ ആദ്യ ഗോൾ നേടി.
ബെൻസെമയുടെ 90-ാം ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു ഇത്, അവസാന 11 ഗോളുകൾ എല്ലാം പിറന്നത് ഇംഗ്ലീഷ് ക്ലബ്ബുകൾക്കെതിരെയാണ്.രണ്ടാം പകുതിയിൽ ചെൽസി ഒരു തിരിച്ചു വരവിനു ശ്രമിച്ചെങ്കിലും 59-ാം മിനിറ്റിൽ ബ്രസീലിയൻ താരം റോഡ്രിഗോയെ ഫൗൾ ചെയ്തതിനു ബെൻ ചിൽവെല്ലിന് നേരിട്ടുള്ള ചുവപ്പ് കാർഡ് കണ്ടതോടെ കളിയിലേക്ക് തിരിച്ചുവരാനുള്ള അവരുടെ സാധ്യതകൾക്ക് വലിയ തിരിച്ചടി നേരിട്ടു.
74 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ അസെൻസിയോയുടെ ഗോളിൽ റയൽ മാഡ്രിഡ് വിജയം ഉറപ്പിച്ചു.സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിലെ തകർപ്പൻ ജയം 14 തവണ കിരീടം നേടിയ റയൽ മാഡ്രിഡിനെ ഏപ്രിൽ 18 ന് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടക്കുന്ന രണ്ടാം പാദത്തിന് മുന്നിൽ ഡ്രൈവർ സീറ്റിൽ നിർത്തുന്നു.
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ നാപോളിക്കെതിരെ എസി മിലാന് ജയം.രണ്ടാഴ്ചയ്ക്കുള്ളിൽ എസി മിലാൻ രണ്ടാം തവണയും നാപോളിയെ തോൽപ്പിക്കുന്നത്. 40 ആം മിനുട്ടിൽ മിഡ്ഫീൽഡർ ഇസ്മായേൽ ബെന്നസെർ നേടിയ ഗോളിനായിരുന്നു മിലാന്റെ ജയം. 74 ആം മിനുട്ടിൽ നാപോളി മിഡ്ഫീൽഡർ ആന്ദ്രേ-ഫ്രാങ്ക് സാംബോ അംഗുയിസ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു. രണ്ടാം പാദത്തിൽ അടുത്ത ചൊവ്വാഴ്ച നേപ്പിൾസിൽ വീണ്ടും ഏറ്റുമുട്ടും.മുൻനിര സീരി എ ഗോൾസ്കോറർ വിക്ടർ ഒസിംഹെനും ജിയോവാനി സിമിയോണും പരിക്കേറ്റ് പുറത്തായതിനാൽ അംഗീകൃത സ്ട്രൈക്കറില്ലാതെയാണ് നാപോളി കളിച്ചത്.