റൊണാൾഡോ ഭാഗ്യം കൊണ്ടാണ് ഗോളുകൾ നേടുന്നത്, ഒരിക്കലും മെസിയെക്കാൾ മികച്ചതല്ലെന്ന് സെർജിയോ അഗ്യൂറോ

ഫുട്ബോൾ ലോകത്ത് നിരവധി വര്ഷങ്ങളായി നിലനിന്നിരുന്ന തർക്കമാണ് മെസിയാണോ റൊണാൾഡോയാണോ മികച്ച താരമെന്നത്. ലോകകപ്പ് ഉൾപ്പെടെ കരിയറിൽ സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കി ലയണൽ മെസി അതിലൊരു തീരുമാനം ഉണ്ടാക്കിയെങ്കിലും ഇപ്പോഴും അതുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടരുന്നുണ്ട്. റൊണാൾഡോ കൂടുതൽ ഗോളുകൾ നേടിയതാണ് ആരാധകർ ഉയർത്തിക്കാട്ടുന്നത്.

നീസിനെതിരെ നടന്ന കഴിഞ്ഞ ഫ്രഞ്ച് ലീഗ് മത്സരത്തിൽ ഗോൾ നേടിയതോടെ യൂറോപ്പിൽ ഏറ്റവുമധികം ഗോളുകളെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് മെസി മറികടന്നിരുന്നു. ഇനി കരിയർ ഗോളുകൾ, ഇന്റർനാഷണൽ ഗോളുകൾ, ചാമ്പ്യൻസ് ലീഗ് ഗോളുകൾ എന്നിവയുടെ കാര്യത്തിലാണ് മെസിക്ക് റൊണാൾഡോയെ മറികടക്കാൻ ബാക്കിയുള്ളത്.

റൊണാൾഡോയെക്കാൾ രണ്ടു വയസ് കുറവുള്ള മെസിയെ സംബന്ധിച്ച് ഈ നേട്ടങ്ങൾ സ്വന്തമാക്കാൻ ഇനിയും സമയമുണ്ട്. അതിനിടയിൽ മെസിയെയും റൊണാൾഡോയെയും ഗോൾസ്കോറിങ് മികവിന്റെ കാര്യത്തിൽ ഒരുമിച്ച് നിർത്തുന്നതിനെ ചോദ്യം ചെയ്‌ത്‌ അഗ്യൂറോ കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തു. റൗൾ, ബെൻസിമ എന്നിവർ തന്നെ റൊണാൾഡോയെക്കാൾ മികച്ചതാണെന്നാണ് അദ്ദേഹം പറയുന്നത്.

“റൊണാൾഡോ എവിടെ നിന്നാണ് ഗോളുകൾ നേടുന്നതെന്ന് നോക്കുക. ഫ്രീ കിക്ക് ഗോളുകളെല്ലാം ഭാഗ്യം മാത്രമാണ്. എന്നാൽ മെസിയുടെ ഗോളുകൾ കൃത്യം ആങ്കിളിലാണ്. റൊണാൾഡോയുടേത് ഗോളിയുടെ പിഴവ് കൂടിയാണ്. റൗൾ, ബെൻസിമ എന്നിവർക്ക് തന്നെ റൊണാൾഡോയെക്കാൾ മികച്ച സ്കോറിങ് മികവുണ്ട്.” കഴിഞ്ഞ ദിവസം ട്വിച്ചിൽ അഗ്യൂറോ പറഞ്ഞു.

മെസിയും അഗ്യൂറോയും അടുത്ത സുഹൃത്തുക്കളായതിനാൽ തന്നെ താരം ഇങ്ങിനെ പ്രതികരിച്ചതിന് യാതൊരു അത്ഭുതവുമില്ല. എന്നാൽ റൊണാൾഡോ ആരാധകർ ഇതൊരിക്കലും സമ്മതിച്ചു തരില്ലെന്നുറപ്പാണ്. റൊണാൾഡോയുടെ കരിയർ ഇനിയും അവസാനിച്ചിട്ടില്ല എന്നതിനാൽ തന്നെ താരത്തിന് ഇനിയും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

4/5 - (1 vote)