മാനെ സഹതാരത്തിന്റെ മുഖത്തടിക്കാനുള്ള കാരണമിതാണ്, ക്ഷാമാപണം നടത്തി താരം

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ തോൽവിക്ക് ശേഷം ബയേൺ മ്യൂണിക്ക് ഡ്രസിങ് റൂമിലുണ്ടായ സംഭവങ്ങൾ ക്ലബിന്റെ പേരിനു കളങ്കം ഒന്നായിരുന്നു. മത്സരത്തിന് ശേഷം ടീമിലെ താരങ്ങളായ സാഡിയോ മാനേയും ലെറോയ് സാനെയും തമ്മിൽ തർക്കങ്ങൾ ഉണ്ടാവുകയും സെനഗൽ താരം സാനെയുടെ മുഖത്തടിക്കുകയും ചെയ്‌തിരുന്നു.

കളിക്കളത്തിൽ വെച്ച് പന്ത് പാസ് നൽകാത്തതുമായി ബന്ധപ്പെട്ടു രണ്ടു താരങ്ങളും തമ്മിൽ ഉരസലുകൾ ഉണ്ടായിരുന്നു. ഇതിനെപ്പറ്റി മാനെ ഡ്രസിങ് റൂമിൽ പരാതി പറയുന്നതിന്റെ ഇടയിലാണ് സാനെയുടെ മുഖത്തടിച്ചത്. ജർമൻ താരത്തിന്റെ മുഖത്ത് അടികൊണ്ടു പരിക്കേറ്റതോടെ രണ്ടു പേരെയും ബയേണിലെ സഹകളിക്കാർ വന്ന് പിടിച്ചു മാറ്റുകയായിരുന്നു.

സാനെ വംശീയമായ പരാമർശം മാനെക്കെതിരെ നടത്തിയതാണ് താരം അങ്ങിനെ പ്രതികരിക്കാൻ കാരണമെന്നാണ് ജേർണലിസ്റ്റായ പാപ്പ മഹ്‌മൂദ്‌ ഗുയെയ വെളിപ്പെടുത്തുന്നത്. മാനെ പരാതി പറയുന്നതിന്റെ ഇടയിൽ താരത്തെ ‘ബ്ളാക്ക് ഷിറ്റ്’ എന്നു സാനെ വിളിച്ചുവെന്നും ഇതാണ് മാനെ ദേഷ്യത്തോടെ പ്രതികരിക്കാൻ കാരണമായതെന്നും അദ്ദേഹം പറയുന്നു.

സംഭവത്തിന് പിന്നാലെ മാനെയെ ബയേൺ മ്യൂണിക്ക് സസ്‌പെൻഡ് ചെയ്‌തിരുന്നു. താരത്തിന്റെ കരാർ ഒഴിവാക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അത് സംഭവിച്ചേക്കില്ല. താരം തന്റെ പ്രവൃത്തിയിൽ പശ്ചാത്താപം പ്രകടിപ്പിച്ച് ബയേൺ മ്യൂണിക്കിലെ എല്ലാ താരങ്ങളോടും മാപ്പ് പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ അടുത്ത ജർമൻ ലീഗ് മത്സരത്തിൽ നിന്നും സാഡിയോ മാനെയെ ബയേൺ മ്യൂണിക്ക് സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്‌. അതിനു പുറമെ താരം പിഴയും അടക്കേണ്ടി വരും. അതിനപ്പുറത്തേക്ക് ബയേൺ മ്യൂണിക്കിന്റെ ശിക്ഷാ നടപടികൾ നീളില്ലെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

4/5 - (3 votes)