സിദാൻ സൗദിയിലേക്ക്?! ക്രിസ്ത്യാനോ റൊണാൾഡോയെ പരിശീലിപ്പിക്കാൻ വീണ്ടും സിദാൻ എത്തിയേക്കും.

നേരത്തെ പരിശീലകനായിരുന്ന റൂഡി ഗാർസിയയെ പുറത്താക്കിയതിനു ശേഷം പുതിയ പരിശീലകനെ തേടുകയാണ് സൗദി ക്ലബായ അൽ നസ്ർ. ടീമിന്റെ മോശം ഫോമാണ് അദ്ദേഹത്തെ പുറത്താക്കാൻ കാരണമെന്നാണ് പറയുന്നതെങ്കിലും മറ്റു റിപ്പോർട്ടുകൾ പ്രകാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കം ക്ലബിലെ താരങ്ങളുമായി അദ്ദേഹം ചേർന്നു പോകാത്തതാണ് പുറത്താക്കുന്നതിലേക്ക് നയിക്കപ്പെട്ടത്.

പുതിയ പരിശീലകനായി നിരവധി പേരുകൾ ഉയർന്നു കേൾക്കുന്നതിൽ പ്രധാനി മുൻ റയൽ മാഡ്രിഡ് മാനേജർ സിനദിൻ സിദാനാണ്. റയൽ മാഡ്രിഡ് വിട്ടതിനു ശേഷം പിന്നീടൊരു ടീമിന്റെയും പരിശീലകനായിട്ടുള്ള അദ്ദേഹത്തിന് വേണ്ടി വമ്പൻ തുക നൽകാൻ സൗദി ക്ലബ് ഒരുക്കമാണെന്നാണ് സൗദി അറേബ്യയിലെ വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ഒരു സീസണിൽ അറുപതു മില്യൺ യൂറോയെന്ന നിലയിൽ രണ്ടു വർഷത്തേക്ക് 120 മില്യൺ യൂറോയുടെ ഓഫറാണ് അൽ നസ്ർ നൽകിയിരിക്കുന്നത്. നിലവിൽ യൂറോപ്പിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായ എംബാപ്പെക്ക് തുല്യമായ പ്രതിഫലമാണിത്. ലയണൽ മെസിയുടെ പ്രതിഫലത്തേക്കാൾ കൂടുതലും.

റയൽ മാഡ്രിഡിൽ അത്ഭുതങ്ങൾ കാണിച്ചിട്ടുള്ള സഖ്യമായ റൊണാൾഡോ-സിദാൻ എന്നിവരെ ഒരുമിച്ച് ടീമിലെത്തിച്ച് ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കാനാണ് അൽ നസ്ർ ശ്രമിക്കുന്നത്. എന്നാൽ യൂറോപ്പിൽ നിന്ന് തന്നെ നിരവധി ഓഫറുകളുള്ള സിദാൻ സൗദി പോലെയൊരു ലീഗിലേക്ക് ചേക്കേറുമോയെന്നു കണ്ടറിയണം. എന്നാൽ അദ്ദേഹത്തെ എത്തിക്കാനുള്ള ശ്രമങ്ങൾ അൽ നസ്ർ സജീവമായി നടത്തുന്നുണ്ട്.

Rate this post