❛ഗോൾ നേടുന്നത് കെച്ചപ്പ് ബോട്ടിൽ തുറക്കും പോലെ,ഒരു തുള്ളി വന്നാൽ പിന്നീട് വന്നുകൊണ്ടേയിരിക്കും❜-റൊണാൾഡോ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ലിവർപൂൾ ലീഡ്സ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.ലിവർപൂളിന് വേണ്ടി സലാ,ജോട്ട എന്നിവർ രണ്ട് ഗോളുകൾ വീതം നേടിയപ്പോൾ നുനസ്,ഗാക്പോ എന്നിവർ ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ സാധിക്കാത്ത ലിവർപൂളിന് ഈ വിജയം വളരെയധികം ആശ്വാസം നൽകുന്ന കാര്യമാണ്.

അതുപോലെതന്നെ പോർച്ചുഗീസ് സൂപ്പർ താരമായ ഡിയോഗോ ജോട്ടക്കും വളരെയധികം ആശ്വാസം നൽകിയ ഒരു മത്സരമാണ് ഇത്.എന്തെന്നാൽ ഒരു വർഷമായി അദ്ദേഹം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾ നേടിയിട്ട്.2022 ഏപ്രിൽ മാസത്തിലാണ് അവസാനമായി പ്രീമിയർ ലീഗ് ലിവർപൂളിന് വേണ്ടി ജോട്ട ഗോൾ നേടിയിരുന്നത്.നീണ്ടകാലത്തെ ഗോൾ ക്ഷാമത്തിന് ഇപ്പോൾ അറുതി വരുത്താൻ ഈ പോർച്ചുഗീസ് സൂപ്പർതാരത്തിന് കഴിഞ്ഞിട്ടുണ്ട്.

അതിന് സഹായകരമായത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഉപദേശമാണ് എന്നുള്ളത് ഈ മത്സരത്തിനു ശേഷം ജോട്ട വെളിപ്പെടുത്തിയിട്ടുണ്ട്.അതായത് ഗോൾ എന്നുള്ളത് കെച്ചപ്പ് ബോട്ടിൽ ഓപ്പൺ ചെയ്യുന്നതുപോലെയാണെന്നും ഒരു തുള്ളി വന്നു കഴിഞ്ഞാൽ പിന്നീട് ഒരുപാട് വരുമെന്നുമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ ഉപദേശം എന്നുമാണ് ജോട്ട പറഞ്ഞത്.മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഈ പോർച്ചുഗീസ് താരം.

‘ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആ ഒരു ഉപദേശം ഒരുപാട് വർഷങ്ങളായി ഞാൻ കൊണ്ടുനടക്കുന്ന ഒന്നാണ്.ഗോൾസ് എന്നുള്ളത് ഒരു കെച്ചപ്പ് ബോട്ടിൽ ഓപ്പൺ ചെയ്യുന്നതുപോലെയാണ്.ഒരു ഗോൾ നേടി കഴിഞ്ഞാൽ പിന്നീട് ഗോളുകൾ നേടാൻ ബുദ്ധിമുട്ടുണ്ടാവില്ല.ഫുട്ബോൾ എന്നുള്ളത് തികച്ചും അപ്രവചനീയമാണ്.ഇത്തരം കാര്യങ്ങളൊക്കെ ഫുട്ബോളിൽ സംഭവിക്കാം.അത് പെട്ടെന്ന് മാറിമറിയുകയും ചെയ്യാം ‘ഇതാണ് ജോട്ട പറഞ്ഞിട്ടുള്ളത്.

പരിക്ക് മൂലം ഒരുപാട് മത്സരങ്ങൾ അദ്ദേഹത്തിന് ഈ സീസണിൽ നഷ്ടമാവുകയും ചെയ്തിരുന്നു.ലിവർപൂളിന് വേണ്ടി ആകെ 105 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ജോട്ട.അതിൽ നിന്ന് 36 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവ്സിൽ നിന്നായിരുന്നു ജോട്ട ലിവർപൂളിൽ എത്തിയിരുന്നത്.

Rate this post