അനായാസ വിജയവുമായി റയൽ മാഡ്രിഡ് സെമി ഫൈനലിൽ : നാപോളിയെ പിടിച്ചു കെട്ടി മിലാനും സെമിയിൽ
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡ് ചെൽസിയെ 2-0 ന് പരാജയപ്പെടുത്തി.ആദ്യ പാദത്തിലും രണ്ട് ഗോളുകൾക്ക് വിജയിച്ചതിനാൽ അഗ്രിഗേറ്റിൽ ആകെ 4 ഗോളുകളുടെ വിജയം നേടിക്കൊണ്ടാണ് റയൽ മാഡ്രിഡ് സെമിഫൈനൽ പ്രവേശനം സാധ്യമാക്കിയിരിക്കുന്നത്.
ബ്രസീലിയൻ യുവ താരം റോഡ്രിഗോയാണ് റയലിനായി രണ്ടു ഗോളുകളും നേടിയത്.രണ്ടാം പകുതിയിലാണ് റയലിന്റെ ഗോളുകൾ വന്നത്.58ആം മിനുട്ടിൽ റോഡ്രിഗോയും വിനീഷ്യസും ചേർന്ന് നടത്തിയ മുന്നേറ്റം റോഡ്രിഗോ തന്നെ ഫിനിഷ് ചെയ്യുകയായിരുന്നു.80-ാം മിനിറ്റിൽ ചെൽസിയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് വാൽവെർഡെ വിനീഷ്യസിന്റെ പാസ് സ്വീകരിക്കുകയും റോഡ്രിഗോക്ക് കൈമാറുകയും പന്ത് വലയിലാക്കുകയും ചെയ്തു.
മാഡ്രിഡ് മികച്ച തീവ്രതയോടെ കളിക്കുകയും കളിയിലുടനീളം നന്നായി പ്രതിരോധിക്കുകയും ചെയ്തു, ഗോളാക്കാനുള്ള ചെൽസിയുടെ ശ്രമങ്ങളെ തടയുകയും ചെയ്തു.മാഞ്ചസ്റ്റർ സിറ്റി-ബയേൺ മ്യൂണിക്ക് മത്സരത്തിലെ വിജയിയാണ് റയൽ മാഡ്രിഡ് സെമിയിൽ നേരിടേണ്ടി വരിക.അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ സിറ്റിയും റയലും ഏറ്റുമുട്ടേണ്ടി വരും.
16 വർഷം മുമ്പ് ട്രോഫി നേടിയ ശേഷം എസി മിലാൻ ആദ്യമായി ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലെത്തി . രണ്ടാം പാദ മത്സരത്തിൽ നാപോളിയോട് സമനില നേടിയാണ് മിലാൻ സെമി സ്ഥാനം ഉറപ്പിച്ചത്. ആദ്യ പഥത്തിൽ മിലാൻ ഒരു ഗോളിന്റെ വിജയം നേടിയിരുന്നു. 43 ആം മിനുട്ടിൽ ഒലിവിയർ ജിറൂഡിന്റെ ഗോളിലൂടെ മിലാൻ ലീഡ് നേടി.82 ആം മിനുട്ടിൽ നാപോളിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും ഖ്വിച ക്വാറത്സ്ഖേലിയയുടെ കിക്ക് മൈക്ക് മൈഗ്നൻ രക്ഷപ്പെടുത്തി.
നാപോളിക്ക് അവസാനം വരെ പൊരുതിയെങ്കിലും മിലാൻ പ്രതിരോധത്തെ തകർക്കാനായില്ല. സ്ട്രൈക്കർ വിക്ടർ ഒസിംഹെൻ ഒരു ബുള്ളറ്റ് ഹെഡറിലൂടെ സ്റ്റോപ്പേജ് ടൈമിൽ നാപോളി ഒരു ഗോൾ മടക്കി.ഏഴ് തവണ യൂറോപ്യൻ ചാമ്പ്യൻമാരായ മിലാൻ ഇപ്പോൾ ഇന്റർ മിലാനെയോ ബെൻഫിക്കയെയോ നേരിടും.16 ദിവസത്തിനുള്ളിൽ മിലാനും നാപ്പോളിയും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്.