അർജന്റീനയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടി നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ്
ഈ വർഷം നടക്കാനിരിക്കുന്ന അണ്ടർ 20 ലോകകപ്പിന് അർജന്റീന ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഇന്തോനേഷ്യയിൽ നിന്നും വേദി മാറ്റിയത് അവർക്ക് ഗുണം ചെയ്തു. ഇസ്രയേലിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി ലോകകപ്പ് ഇന്തോനേഷ്യയിൽ നിന്നും മാറ്റി അർജന്റീനയിൽ വെച്ച് നടത്താൻ ഫിഫ തീരുമാനം എടുത്തതോടെ ആതിഥേയ രാജ്യമെന്ന നിലയിൽ അർജന്റീനയും ലോകകപ്പിനുണ്ട്.
അടുത്തിടെ നടന്ന സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ പെട്ടന്നു തന്നെ പുറത്തു പോയതാണ് അർജന്റീനക്ക് യോഗ്യത നേടാൻ കഴിയാതെ വന്നത്. ക്ലബ് സീസണിന്റെ ഇടയിൽ വെച്ച് നടന്ന ടൂർണമെന്റിൽ പല പ്രധാന താരങ്ങളും ഇല്ലാതിരുന്നത് അർജന്റീനക്ക് തിരിച്ചടി നൽകി. എന്നാൽ ലോകകപ്പിൽ സ്വന്തം രാജ്യത്ത് പ്രധാന താരങ്ങളെ ഉൾപ്പെടുത്തി കിരീടം നേടാൻ തന്നെയാണ് അർജന്റീന ഒരുങ്ങുന്നത്.
എന്നാൽ അർജന്റീനയുടെ പദ്ധതികൾക്ക് തിരിച്ചടി നൽകുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ്. അർജന്റീനയുടെ യുവതാരമായ അലസാന്ദ്രോ ഗർനാച്ചോയെ ലോകകപ്പിന് വിട്ടുകൊടുക്കാൻ കഴിയില്ലെന്ന നിലപാടാണ് ക്ലബിന്റേത്. നിലവിൽ പരിക്കിൽ നിന്നും മുക്തനാവുന്ന താരത്തിന് ടൂർണമെന്റ് ആകുമ്പോഴേക്കും ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയുമെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് റിസ്കെടുക്കാൻ താൽപര്യമില്ല.
കഴിഞ്ഞ ദിവസം അർജന്റീന ടീമിന്റെ പ്രാഥമിക ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ അതിൽ ഗർനാച്ചോയും ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വിട്ടുകൊടുക്കില്ലെന്ന അഭ്യൂഹങ്ങൾ പുറത്തു വരുന്നത്. എന്നാൽ അണ്ടർ 20 ടീമിന്റെ പരിശീലകനായ മഷറാനോയും അർജന്റീന ഫുട്ബോൾ ഫെഡറേഷനും ശക്തമായ ശ്രമങ്ങൾ നടത്തുന്നുണ്ട്.
(🌕) JUST IN: Manchester United do not want to let Alejandro Garnacho go to the U20 World Cup and they have already communicated to Argentina. AFA and Mascherano are going to do everything possible to have him there but it is complicated. @gastonedul 🚨🇦🇷 pic.twitter.com/MRzCSeURrl
— All About Argentina 🛎🇦🇷 (@AlbicelesteTalk) April 19, 2023
സ്പെയിനിലാണ് ജനിച്ചതെങ്കിലും അർജന്റീനക്ക് വേണ്ടി കളിക്കാനാണ് ഗർനാച്ചോ തീരുമാനിച്ചത്. അർജന്റീനയുടെ അണ്ടർ 20 ടീമിനായി താരം കളിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഫ്രണ്ട്ലി മത്സരങ്ങൾക്കുള്ള സീനിയർ ടീമിൽ ഇടം നേടിയെങ്കിലും അതിനു മുൻപ് പരിക്കേറ്റത് താരത്തിന് തിരിച്ചടിയായി. ഇപ്പോൾ ദേശീയ ടീമിനായി വലിയൊരു വേദിയിൽ കഴിവ് തെളിയിക്കാനുള്ള അവസരമാണ് താരത്തിന് വന്നു ചേർന്നിരിക്കുന്നത്.