സഹതാരത്തെ പരിക്കേൽപ്പിച്ചു, മാഗ്വയറിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ വിമർശനം

സെവിയ്യക്കെതിരെ നടന്ന യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏറ്റവുമധികം വിമർശനങ്ങൾ കേട്ട താരമാണ് ഹാരി മാഗ്വയർ. ആദ്യപാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലീഡ് നഷ്‌ടപെടുത്താൻ കാരണമായ സെൽഫ് ഗോൾ ഇഞ്ചുറി ടൈമിൽ നേടിയ താരം രണ്ടാം പാദ മത്സരത്തിൽ ആദ്യ ഗോൾ വഴങ്ങിയതിനു വളരെയധികം പഴി കേട്ട് കൊണ്ടിരിക്കുകയാണ്.

എന്നാൽ സെവിയ്യ നേടിയ ആദ്യത്തെ ഗോൾ മാഗ്വയറിന്റെ മാത്രം പിഴവില്ലെന്നത് വ്യക്തമാണ്. പന്തിനു വേണ്ടി മാഗ്വയർ ആവശ്യപ്പെട്ടെങ്കിലും മൂന്ന് താരങ്ങൾ ചുറ്റിനും നിൽക്കുന്നത് വ്യക്തമായി കാണാമെന്നിരിക്കെ ഡി ഗിയ ഒരിക്കലും അങ്ങിനെയൊരു പാസ് താരത്തിന് നൽകാൻ പാടില്ലായിരുന്നു. പാസ് ലഭിച്ച മഗ്വയറിനത് സഹതാരത്തിൽ എത്തിക്കാൻ കഴിയാതെ വന്നതാണ് സെവിയ്യ മുതലെടുത്തത്.

എന്നാൽ അതു മാത്രമല്ല ഇപ്പോൾ മഗ്വയറിനെതിരെ ഉയരുന്ന ആരോപണം. മത്സരത്തിൽ സെവിയ്യ രണ്ടാമത്തെ ഗോൾ നേടിയതിനു പിന്നാലെ ടീമിന്റെ സ്‌ട്രൈക്കറായ ആന്റണി മാർഷ്യൽ പരിക്കിന്റെ ലക്ഷണങ്ങൾ കാണിച്ച് മത്സരത്തിൽ നിന്നും പുറത്തു പോയിരുന്നു. ഈ പരിക്കിനും താരം പുറത്തു പോകാനും കാരണം മാഗ്വയർ ആണെന്നാണ് ആരാധകർ പറയുന്നത്.

സെവിയ്യ എടുത്ത കോർണറിൽ നിന്നാണ് രണ്ടാമത്തെ ഗോൾ പിറന്നത്. ഈ കോർണർ തടുക്കാനുള്ള ശ്രമത്തിനിടെ മാഗ്വയർ ശ്രദ്ധയില്ലാതെ സഹതാരം സാബിസ്റ്ററിന്റെ വീഴ്ത്തിയിടുന്നത് വീഡിയോ ദൃശ്യങ്ങളിൽ നിന്നും കാണാൻ കഴിയും. സാബിസ്റ്റർ നേരെ ചെന്ന് വീണത് മാർഷ്യലിന്റെ കാലുകളിലാണ്. ഇതിനു പിന്നാലെയാണ് ഫ്രഞ്ച് താരം പരിക്കിന്റെ ലക്ഷണങ്ങൾ കാണിച്ച് പുറത്തു പോയത്.

റാഫേൽ വരാനെ, ലിസാൻഡ്രോ മാർട്ടിനസ് തുടങ്ങിയ താരങ്ങൾക്ക് പരിക്ക് പറ്റിയതിനെ തുടർന്നാണ് മാഗ്വയർ ആദ്യ ഇലവനിൽ ഇറങ്ങിയത്. പ്രധാന താരങ്ങളുടെ പരിക്ക് തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനും തിരിച്ചടി നൽകിയത്. എന്തായാലും അടുത്ത സീസണിൽ മാഗ്വയർ ടീമിലുണ്ടാകാൻ സാധ്യതയില്ലെന്ന് താരത്തിന്റെ പ്രകടനം വ്യക്തമാക്കുന്നുണ്ട്.

3/5 - (1 vote)