‘കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ സത്യം അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’ : ക്ലബ് വിട്ടതിനെക്കുറിച്ച് പെരേര ഡയസ്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ച ഒരു നീക്കത്തിലൂടെയാണ് അർജന്റീന സ്‌ട്രൈക്കർ ജോർജ്ജ് പെരേര ഡയസ് കഴിഞ്ഞ സീസണിൽ മുംബൈ എഫ് സിയിലേക്ക് കൂടു മാറിയത്. ബ്ലാസ്റ്റേഴ്സിൽ ലോണിൽ കളിച്ചുകൊണ്ടിരുന്ന പെരേര ഡയസ് ക്ലബ്ബിലേക്ക് തിരിച്ചു വരും എന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു എന്നാൽ പ്രതീക്ഷകൾ തകിടം മറിച്ചു കൊണ്ടാണ് അദ്ദേഹം മുംബൈയിൽ ചേർന്നത്.

എട്ടാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഫൈനലിലേക്കുള്ള കുതിപ്പിൽ നിർണായക പങ്ക് വഹിച്ച താരമാണ് ഡയസ്. എന്നാൽ ഈ സീസണിൽ ഐഎസ്‌എൽ ലീഗ് വിന്നേഴ്‌സ് ഷീൽഡ് നേടിയ മുംബൈ സിറ്റിയിലേക്കുള്ള തന്റെ വിടവാങ്ങലിന് പിന്നിലെ യഥാർത്ഥ കാരണം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അറിയണമെന്ന് ജോർജ് പെരേര ഡയസ് ആഗ്രഹിക്കുന്നു.”കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ സത്യം അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്കും എന്റെ കുടുംബത്തിനും നേരെയുള്ള അപമാനങ്ങൾ അവസാനിപ്പിക്കുക, ”അർജന്റീനിയൻ ഫോർവേഡ് പറഞ്ഞു.

”ബ്ലാസ്റ്റേഴ്സിലെ മികച്ച സീസണ് ശേഷം എന്നെ നിലനിർത്തണമെന്നായിരുന്നു പരിശീലകനും സ്പോർട്ടിങ് ഡയറക്ടറിനും ആ​ഗ്രഹം, ഒന്നുരണ്ട് മാസത്തെ ചർച്ചകൾക്ക് ശേഷം ക്ലബ് എനിക്ക് ഓഫർ ലെറ്റർ അയച്ചു, ഞാനത് ഒപ്പുവച്ച് തിരിച്ചയച്ചു, ഈ സമയത്ത് ഞാൻ അഡ്രിയാൻ ലൂണയുമായും അൽവാരോ വാസ്ക്വസുമായും സംസാരിച്ചിരുന്നു, എന്റെ ഭാ​ഗത്ത് നിന്ന് ബ്ലാസ്റ്റേഴ്സ് ആരാധകരെ പ്രചോദിപ്പിക്കുന്ന തരത്തിൽ ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് തയ്യാറെടുത്തിരുന്നു”ഡയസ് പറഞ്ഞു.“അടുത്ത ദിവസം ഞാൻ അർജന്റീനയിൽ ആയിരുന്നപ്പോൾ, (കെബിഎഫ്‌സി സ്‌പോർടിംഗ് ഡയറക്ടർ) കരോലിസിൽ നിന്ന് (സ്കിൻകിസ്) എനിക്ക് ഒരു സന്ദേശം ലഭിച്ചു.

എന്നെ ആവശ്യമില്ലെന്നും മറ്റ് മെച്ചപ്പെട്ട താരങ്ങളെ ലഭ്യമാകുമെന്നുമാണ് ആ സന്ദേശത്തിലുണ്ടായിരുന്നത്, എനിക്ക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിലായിപ്പോയി, ‍എന്നെ ഒഴിവാക്കുന്നതിന്റെ കാരണം ചോദിച്ചു, എന്നാൽ ഫുട്ബോൾ ഇങ്ങനെയൊക്കെയാണ് എന്നാണ് അവർ അതിന് മറുപടി നൽകിയത്, ഡയസ് പറഞ്ഞു.ക്ലബ്ബിൽ തനിക്ക് സ്ഥാനമില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കിയതോടെ, മുംബൈ സിറ്റിയിൽ ഒരു വർഷത്തെ കരാറിൽ ചേരാൻ സമ്മതിച്ചതായി ഡയസ് പറഞ്ഞു.ഡയസിന്റെ കരാർ നീട്ടാൻ തങ്ങൾക്ക് താൽപ്പര്യമുണ്ടെന്ന് കെബിഎഫ്‌സി സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു, എന്നാൽ ഫോർവേഡ് പ്രതികരിക്കാൻ സമയമെടുത്തുവെന്നാണ് അദ്ദേഹം പറഞ്ഞത്.

Rate this post