“എന്റെ അച്ഛനെപ്പോലെയാണ്”- മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ പിന്തുണക്ക് നന്ദി പറഞ്ഞ് ഗർനാച്ചോ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാവി താരമായി മാറാൻ തനിക്ക് കഴിയുമെന്ന് പതിനെട്ടുകാരനായ ഗർനാച്ചോ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിൽ സീനിയർ ടീമിലെത്തിയ താരത്തിന് എറിക് ടെൻ ഹാഗ് പരിശീലകനായതിനു ശേഷമുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ കാരണം അവസരങ്ങൾ ഇല്ലാതായെങ്കിലും പിന്നീട് സ്‌ക്വാഡിലേക്ക് തിരിച്ചു വരികയും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നുണ്ട്.

അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അർജന്റീന താരത്തിന് പുതിയ കരാർ നൽകിയിരുന്നു. പതിനെട്ടാം വയസിൽ തന്നെ മുപ്പത്തിയൊന്നു മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടുള്ള താരത്തിന് 2028 വരെയുള്ള കരാറാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകിയത്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡിൽ തനിക്ക് ഏറ്റവും മികച്ച പിന്തുണ നൽകുന്നതാരാണെന്ന് ഗർനാച്ചോ വെളിപ്പെടുത്തുകയുണ്ടായി.

“എന്നെയിവിടെ ഏറ്റവുമധികം സഹായിച്ചിട്ടുള്ള താരം? ലിസാൻഡ്രോ മാർട്ടിനസ് എനിക്കിവിടെ എന്റെ അച്ഛനെപ്പോലെയാണ്. ഞാൻ ശരി ചെയ്യുമ്പോഴും തെറ്റ് ചെയ്യുമ്പോഴുമെല്ലാം താരം എനിക്ക് എല്ലാ രീതിയിലുമുള്ള നിർദ്ദേശങ്ങൾ നൽകാറുണ്ട്.” മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന അജന്റീന സഹതാരമായ ലിസാൻഡ്രോ മാർട്ടിനസിനെ കുറിച്ച് ഗർനാച്ചോ പറഞ്ഞു.

ഈ സീസണിന്റെ തുടക്കത്തിലാണ് ലിസാൻഡ്രോ മാർട്ടിനസ് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയത്. അതിനു ശേഷം ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറാൻ ലിസാൻഡ്രോക്ക് കഴിഞ്ഞിരുന്നു. ലിസാൻഡ്രോയും ഗർനാച്ചോയും തമ്മിലുള്ള മികച്ച ബന്ധം അർജന്റീനയുടെ ഭാവിയിലേക്ക് കൂടി കൂടുതൽ പ്രയോജനം ലഭിക്കുന്ന ഒന്നാണ്.

നിലവിൽ പരിക്ക് മൂലം പുറത്തിരിക്കുകയാണ് ഗർനാച്ചോ. എന്നാണു താരം ടീമിലേക്കു തിരിച്ചു വരികയെന്ന കാര്യത്തിൽ കൃത്യമായ അറിയിപ്പ് ലഭിച്ചില്ലെങ്കിലും ഈ സീസണിന്റെ അവസാനത്തോടെ അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെ പ്രധാനിയായി താരം മാറുമെന്നും ആരാധകർ കരുതുന്നു.

Rate this post