ലയണൽ മെസ്സി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തിയാൽ ഏഞ്ചൽ ഡി മരിയ യുവന്റസ് വിടും |Lionel Messi

സീസൺ അവസാനത്തോടെ അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഫ്രാൻസ് വിടാൻ ഒരുങ്ങുകയാണ്.താരത്തെ സ്‌പെയിനിലെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ ബാഴ്‌സലോണ കഠിനമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ അത് അത്ര എളുപ്പമല്ലെന്ന് അവർക്ക് നന്നായി അറിയാം.

ഈ സീസണിന്റെ അവസാനത്തിൽ ലിയോ മെസ്സി ബാഴ്‌സലോണയിൽ ചേരുകയാണെങ്കിൽ അദ്ദേഹത്തിന്റെ അർജന്റീനിയൻ സഹതാരം ഏഞ്ചൽ ഡി മരിയ തന്റെ സുഹൃത്തിനൊപ്പം ചേരാൻ യുവന്റസ് വിട്ടേക്കുമെന്ന് ഇപ്പോൾ അഭ്യൂഹങ്ങളുണ്ട്.സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം രണ്ട് വർഷം മുമ്പ് ബാഴ്‌സലോണയ്ക്ക് ലയണൽ മെസ്സിയെ വിടേണ്ടി വന്നിരുന്നു. അതേ കാരണങ്ങളാണ് താരത്തെ സ്‌പെയിനിലേക്ക് തിരികെ കൊണ്ടുവരാൻ ഇപ്പോൾ തടസ്സമായിരിക്കുന്നത്.

ലിയോ മെസ്സിയെ തിരികെ കൊണ്ടുവരാൻ തങ്ങളുടെ വേതന ബില്ലിൽ നിന്ന് 200 മില്യൺ യൂറോ കുറയ്ക്കണമെന്ന് ലാ ലിഗ മുമ്പ് പറഞ്ഞിരുന്നു.റിപ്പോർട്ടുകൾ പ്രകാരം, ബാഴ്‌സലോണ ഇതിനകം ലാ ലിഗയിൽ ഒരു വയബിലിറ്റി പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്. പ്ലാനിൽ 2 വലിയ കളിക്കാരുടെ വിൽപ്പന ഉൾപ്പെടുന്നു, ഇത് 4 പുതിയ കളിക്കാരെ കൊണ്ടുവരാൻ അവരെ സഹായിക്കും. 3 വർഷത്തെ കാലയളവിൽ അവരുടെ ചെലവ് കുറയ്ക്കുന്നതിനുള്ള നടപടികളും ഈ പ്ലാനിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും പ്രസിഡന്റ് ടെബാസ് പദ്ധതിയിൽ തൃപ്തനല്ല.റാഫിൻഹയുടെ പ്രകടനത്തിൽ ബാഴ്‌സലോണ തൃപ്തരല്ലെന്നാണ് റിപ്പോർട്ട്. അവരുടെ പ്ലാൻ അനുസരിച്ച് ബ്രസീലിയനെ ഒഴിവാക്കാനും പകരം ഏഞ്ചൽ ഡി മരിയയെ ടീമിലെത്തിക്കാനും ശ്രമിക്കും.

44 മത്സരങ്ങളിൽ നിന്നായി 10 ഗോളുകളും 11 അസിസ്റ്റുകളും മാത്രമാണ് റാഫിൻഹയ്ക്ക് നേടാനായത്. പ്രീമിയർ ലീഗിലെ വമ്പൻമാരായ ആഴ്‌സണലും ടോട്ടനം ഹോട്‌സ്‌പറും താരത്തെ സൈൻ ചെയ്യാൻ താൽപ്പര്യം കാണിച്ചിട്ടുണ്ട്.ഈ സീസൺ അവസാനത്തോടെ ബാഴ്‌സലോണ റാഫിൻഹയെ വിൽക്കാൻ ചർച്ചകൾ ആരംഭിച്ചേക്കും.കഴിഞ്ഞ സീസണിലും ഡി മരിയ ബാഴ്‌സയിലേക്ക് എന്ന വാർത്തകൾ പ്രചരിച്ചിരുന്നു.മെസ്സി തിരിച്ചെത്തിയാൽ ഈ വർഷം അത് യാഥാർത്ഥ്യമാകും.

ലിയോ മെസ്സിയും ഡി മരിയയും ഒരു ദശാബ്ദത്തിലേറെയായി അർജന്റീന ടീമിൽ ഒരുമിച്ച് കളിക്കുന്നു. 2008 ഒളിമ്പിക് ഗെയിംസ്, 2021 കോപ്പ അമേരിക്ക, 2022 ഫൈനൽസിമ, 2022 ഖത്തർ ലോകകപ്പ് എന്നിവയിൽ ഇരുവരും ചേർന്ന് കിരീടങ്ങൾ നേടിയിരുന്നു.ക്ലബ്ബ് തലത്തിൽ എതിരാളികളായിരുന്നപ്പോഴും നല്ല സുഹൃത്തുക്കളായി തുടർന്നു.

പിഎസ്‌ജി കരാർ അവസാനിച്ചതിനു ശേഷം കഴിഞ്ഞ സമ്മറിൽ ഡി മരിയ ബാഴ്‌സലോണയിൽ എത്തുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതിനു പകരം ബ്രസീലിയൻ താരം റാഫിന്യയാണ് എത്തിയത്.ലെഫ്റ്റ് വിങ്ങിൽ പരിചയസമ്പത്തും മികവുമുള്ള ഒരു താരത്തെ വേണമമെന്നതിനാലാണ് ബാഴ്‌സലോണ ഏഞ്ചൽ ഡി മരിയയെ ലക്ഷ്യമിടുന്നത്. അതിനു പുറമെ ടീമിന്റെ ഫോർമേഷൻ മാറ്റുന്നതിനനുസരിച്ച് മുന്നേറ്റനിരയിലും മധ്യനിരയിലും കളിപ്പിക്കാൻ കഴിയുന്ന താരമാണ് ഡി മരിയയെന്നതും സാവിക്ക് താരത്തിൽ താത്പര്യമുണ്ടാകാൻ കാരണം.