റയൽ മാഡ്രിഡിനും മുന്നിലെത്തി അത്ലറ്റികോ മാഡ്രിഡ്, വിമർശകർക്ക് മറുപടിയുമായി സിമിയോണി

ഈ സീസണിന്റെ ആദ്യപകുതിയിൽ അത്ര മികച്ച പ്രകടനമല്ല അത്ലറ്റികോ മാഡ്രിഡ് നടത്തിയിരുന്നത്. ഈ സീസണിൽ ടോപ് ഫോറിലെത്താൻ ഡീഗോ സിമിയോണി നയിക്കുന്ന ടീമിന് കഴിയുമോയെന്ന് പലരും സംശയം പ്രകടിപ്പിച്ചു. സീസൺ കഴിയുമ്പോൾ സിമിയോണി അത്ലറ്റികോ മാഡ്രിഡ് വിടുമെന്നും അതിനു പകരം ലൂയിസ് എന്റിക് ടീമിന്റെ പരിശീലകനായി എത്തുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമായിരുന്നു.

എന്നാൽ സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കഴിഞ്ഞ സീസണിലെ ലീഗ് ജേതാക്കളായ റയൽ മാഡ്രിഡിനും മുന്നിൽ ലീഗിൽ രണ്ടാം സ്ഥാനത്തു നിൽക്കുകയാണ് അത്ലറ്റികോ മാഡ്രിഡ്. ഫ്രഞ്ച് താരമായ അന്റോയിൻ ഗ്രീസ്‌മൻ വീണ്ടും ഗംഭീര ഫോമിലേക്കുയർന്നത് അത്ലറ്റികോ മാഡ്രിഡിന്റെ കുതിപ്പിന് ശക്തി പകർന്നപ്പോൾ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് അർജന്റൈൻ പരിശീലകൻ.

“റയൽ മാഡ്രിഡിന് മുന്നിലെത്തിയത് ഏറ്റവും വലിയ നേട്ടമായി കണ്ടു ഞാൻ സന്തോഷിക്കുന്നില്ല. കഴിഞ്ഞ പത്ത് വർഷത്തിൽ നിരവധി തവണ ഞങ്ങൾ റയൽ മാഡ്രിഡിനെക്കാൾ മുന്നിലേക്ക് വന്നിട്ടുണ്ട്, ഇതൊരു യാദൃശ്ചികമായ കാര്യമല്ല. ഇതുപോലെയുള്ള പ്രകടനം നിരവധി വർഷങ്ങളിൽ നടത്തിയിട്ടുണ്ട്. ഇനി ഇതുപോലെ തന്നെ സാധ്യമായത്രയും മുന്നോട്ടു പോവുകയെന്നതാണ് ലക്‌ഷ്യം.”

“പലരും ഞങ്ങൾ ചെയ്യുന്നതു വിശ്വസിക്കാൻ തയ്യാറായിരുന്നില്ല, ഞങ്ങളോട് മതിപ്പുണ്ടായിരുന്നില്ല. പക്ഷെ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. ഫുട്ബോൾ മാറ്റങ്ങൾക്ക് വിധേയമായ ഒന്നാണ്. അതേക്കുറിച്ച് വളരെ നേരത്തെ തന്നെ സംസാരിക്കാൻ കഴിയില്ല. സീസൺ അവസാനിക്കുമ്പോഴാണ് അതേക്കുറിച്ച് സംസാരിക്കേണ്ടത്, അതിനു മുൻപല്ല. ഞാൻ ചിന്തിക്കുന്നതും അനുഭവിക്കുന്നതുമാണ് എനിക്ക് പ്രധാനം. ടീം പ്രതികരിക്കുമെന്ന് എനിക്കറിയാമായിരുന്നു.” സിമിയോണി പറഞ്ഞു.

ഏതാണ്ട് പന്ത്രണ്ട് വർഷത്തോളമായി അത്ലറ്റികോ മാഡ്രിഡിന്റെ പരിശീലകനായ ഡീഗോ സിമിയോണിക്ക് കീഴിൽ ടീം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു. ഇന്നലെ നടന്ന മത്‌സരത്തിൽ അന്റോയിൻ ഗ്രീസ്‌മാന്റെ ഇരട്ടഗോളുകളും മൊറാട്ട, കരാസ്‌കോ, മോളിന എന്നിവരുടെ ഗോളുകളിലും ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് അത്ലറ്റികോ വിജയിച്ചത്. റയൽ മാഡ്രിഡിനെക്കാൾ ഒരു പോയിന്റ് മുന്നിലാണ് അത്ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തു നിൽക്കുന്നത്.