PSGയാണ് മാപ്പ് പറയേണ്ടിയിരുന്നത്,മെസ്സി കാണിച്ചത് എളിമ, ഞാനായിരുന്നുവെങ്കിൽ..: ടെവസ് പറയുന്നു

ക്ലബ്ബിന്റെ അനുമതി കൂടാതെ സൗദി അറേബ്യയിലേക്ക് പോയതിനെത്തുടർന്ന് ലയണൽ മെസ്സിക്ക് അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജി രണ്ട് ആഴ്ച്ചത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.ഇതേ തുടർന്ന് ലയണൽ മെസ്സിക്ക് ഒരു മത്സരം നഷ്ടമാവുകയും ചെയ്തിരുന്നു.എന്നാൽ മെസ്സി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ മാപ്പ് പറയുകയായിരുന്നു. ഇതോടുകൂടി താരത്തിന് ഏർപ്പെടുത്തിയ വിലക്ക് ക്ലബ്ബ് പിൻവലിക്കുകയും ചെയ്തു.

ലയണൽ മെസ്സി ഇപ്പോൾ പിഎസ്ജി സ്‌ക്വാഡിൽ തിരിച്ചെത്തിയിട്ടുണ്ട്.മാത്രമല്ല അജാസിയോക്കെതിരെയുള്ള മത്സരത്തിന്റെ ആദ്യ ഇലവനിൽ മെസ്സി ഉണ്ടാവും എന്ന് ഉറപ്പും പിഎസ്ജി പരിശീലകൻ നൽകി കഴിഞ്ഞിട്ടുണ്ട്.പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെട്ടെങ്കിലും ലയണൽ മെസ്സിക്ക് വിലക്ക് ഏർപ്പെടുത്തിയ കാര്യത്തിൽ പിഎസ്ജിക്ക് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.

അർജന്റീനയുടെ മുൻ സൂപ്പർതാരങ്ങളിൽ ഒരാളായ കാർലോസ് ടെവസ് ഈ വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്.രൂക്ഷമായ രൂപത്തിൽ പിഎസ്ജിയെ വിമർശിക്കുകയാണ് ഇദ്ദേഹം ചെയ്തിട്ടുള്ളത്.പിഎസ്ജിയാണ് യഥാർത്ഥത്തിൽ ലയണൽ മെസ്സിയോട് മാപ്പ് പറയേണ്ടതെന്നും മെസ്സി മാപ്പ് പറഞ്ഞത് അദ്ദേഹത്തിന്റെ എളിമയും മാന്യതയുമാണ് എന്നാണ് ടെവസ് പറഞ്ഞിട്ടുള്ളത്.

‘ലയണൽ മെസ്സിയെ ഒരു കാരണവശാലും ഇങ്ങനെ പിഎസ്ജി ട്രീറ്റ് ചെയ്യാൻ പാടില്ലായിരുന്നു.അവധി ദിവസത്തിൽ ട്രിപ്പ് പോയതിന് എന്നോട് ക്ലബ്ബ് മാപ്പ് പറയാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിൽ ഞാനത് കേൾക്കുമായിരുന്നില്ല.റൊസാരിയോയിലേക്ക് തിരികെ പോയി ഒരു ബിയറും കുടിച്ച് അവിടെ ഇരുന്നേനെ.ലയണൽ മെസ്സിയുടെ കാര്യത്തിൽ അവർ ഒരു പരിഗണനയും നൽകിയിട്ടില്ല.ഞാനാണ് മെസ്സിയുടെ സ്ഥാനത്ത് എങ്കിൽ പിഎസ്ജിയോട് മാപ്പ് പറയാൻ ആവശ്യപ്പെടുമായിരുന്നു.ലയണൽ മെസ്സി മാപ്പ് പറഞ്ഞത് അദ്ദേഹത്തിന്റെ എളിമ കൊണ്ടാണ്.മെസ്സി വന്നപ്പോൾ മുതൽ അദ്ദേഹത്തെ നല്ല രീതിയിലല്ല ക്ലബ്ബ് ട്രീറ്റ് ചെയ്യുന്നത് ‘ഇതാണ് ടെവസ് പറഞ്ഞിട്ടുള്ളത്.

അർജന്റീന ദേശീയ ടീമിൽ ഒരുമിച്ച് കളിച്ചവരാണ് ലയണൽ മെസ്സിയും കാർലോസ് ടെവസും.മാഞ്ചസ്റ്റർ യുണൈറ്റഡ്,മാഞ്ചസ്റ്റർ സിറ്റി എന്നിവർക്ക് വേണ്ടിയൊക്കെ താരം കളിച്ചിട്ടുണ്ട്.അർജന്റീന ദേശീയ ടീമിന് വേണ്ടി ആകെ 76 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.

Rate this post