പ്രതീക്ഷിച്ച കരുത്ത് മാഞ്ചസ്റ്റർ സിറ്റിക്കില്ല, രണ്ടാംപാദം വിജയിക്കാമെന്ന പൂർണ ആത്മവിശ്വാസത്തോടെ റയൽ മാഡ്രിഡ്

റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യപാദ മത്സരം സമനിലയിലാണ് അവസാനിച്ചത്. റയൽ മാഡ്രിഡ് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി സമനില നേടിയെടുത്തു. വിനീഷ്യസ്, ഡി ബ്രൂയ്ൻ എന്നിവരാണ് ടീമുകൾക്ക് വേണ്ടി ഗോൾ നേടിയത്. റയൽ മാഡ്രിഡിന്റെ മൈതാനത്ത് സമനില നേടിയതോടെ സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരത്തിൽ മുൻതൂക്കമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ സിറ്റി.

എന്നാൽ റയൽ മാഡ്രിഡിനെ സംബന്ധിച്ച് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന ആദ്യപാദ മത്സരം കൂടുതൽ ആത്മവിശ്വാസം നൽകിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി തങ്ങളേക്കാൾ മികച്ച ടീമല്ലെന്നുള്ള ഒരു വിശ്വാസം ഡ്രസിങ് റൂമിലെ താരങ്ങളുടെ ഇടയിൽ വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ രണ്ടാംപാദത്തിൽ വിജയം നേടാമെന്നാണ് അവരുടെ വിശ്വാസം.

ഗ്വാർഡിയോളയും സംഘവും തങ്ങൾക്ക് വലിയ ഭീഷണി സൃഷ്‌ടിക്കുമെന്നാണ് റയൽ മാഡ്രിഡിലെ പലരും കരുതിയതെങ്കിലും കളിയിലും തന്ത്രത്തിലും കായികപരമായും തങ്ങളെ കവച്ചു വെക്കാൻ അവർക്ക് കഴിഞ്ഞില്ലെന്നാണ് താരങ്ങൾ മനസിലാക്കിയത്. ഡ്രസിങ് റൂമിലെ താരങ്ങൾക്ക് വലിയ ആത്മവിശ്വാസമുള്ളത് രണ്ടാംപാദത്തിനായി ഇറങ്ങുമ്പോൾ റയൽ മാഡ്രിഡിന് കരുത്തു നൽകുന്നു.

അതേസമയം റയൽ മാഡ്രിഡിന്റെ ഈ ആത്മവിശ്വാസം മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ച് ഭീഷണിയാണ്. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് സെമിയിൽ സിറ്റി വിജയത്തിന്റെ അരികിലെത്തിയിരുന്നു. എന്നാൽ ആത്മവിശ്വാസത്തോടെ തിരിച്ചു വന്ന റയൽ മാഡ്രിഡ് ഇഞ്ചുറി ടൈമിൽ നേടിയ ഗോളുകളിലാണ് വിജയം സ്വന്തമാക്കിയത്. ഫൈനലിൽ ലിവർപൂളിനെ കീഴടക്കി കിരീടവും അവർ സ്വന്തമാക്കി.

ഈ സീസണിൽ ലീഗ് കിരീടത്തിനു സാധ്യതയില്ലെന്നതും റയൽ മാഡ്രിഡിനു ഗുണമാണ്. നടക്കാനിരിക്കുന്ന മത്സരത്തിൽ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകി അവർക്ക് ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി തയ്യാറെടുക്കാം. അതേസമയം പ്രീമിയർ ലീഗിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ച് ഒരു താരത്തെയും വിശ്രമിക്കാൻ വിടാൻ കഴിയില്ല.

Rate this post