മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം : ചെൽസിക്കും ന്യൂ കാസിലിനും സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്.ഹോം ഗ്രൗണ്ടിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് 2-0 ത്തിന്റെ വിജയമാണ് നേടിയത്.ആന്റണി മാർഷലും അലജാൻഡ്രോ ഗാർനാച്ചോയുമാണ് യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്.

ആദ്യ നാല് സ്ഥാനക്കാർ അടുത്ത സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടുമ്പോൾ, യുണൈറ്റഡ് 66 പോയിന്റുമായി പട്ടികയിൽ നാലാമതാണ്, അഞ്ചാം സ്ഥാനത്തുള്ള ലിവർപൂളിന് നാല് പോയിന്റ് മുന്നിലാണ്.ഇരു ടീമുകൾക്കും മൂന്ന് മത്സരങ്ങൾ ശേഷിക്കുന്നു. 40 പോയിന്റുള്ള വോൾവ്‌സ് 13-ാം സ്ഥാനത്താണ്. 32 ആം മിനുട്ടിൽ ആന്റണി മാർഷ്യൽ നേടിയ ഗോളിൽ യുണൈറ്റഡ് ലീഡ് നേടി. ഇഞ്ചുറി ടൈമിലാണ് അര്ജന്റീന താരം ഗാർനാച്ചോ ഗോൾ നേടിയത്.

മറ്റൊരു മത്സരത്തിൽ ചെൽസിയെ നോട്ടിങ്ഹാം ഫോറെസ്റ് സമനിലയിൽ തളച്ചു.ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമാണ് നേടിയത്. തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന നോട്ടിംഗ്ഹാം ഫോറസ്റ്റ് വിലപ്പെട്ട പോയിന്റ് നേടി.പതിമൂന്നാം മിനിറ്റിൽ റെനാൻ ലോഡിയുടെ പാസിൽ നിന്നും നൈജീരിയൻ ഫോർവേഡ് തായ്വോ അവോനി ഫോറസ്റ്റിന്റ ആദ്യ ഗോൾ നേടി.ഡിഫൻഡർ ട്രെവോ ചലോബയുടെ പിൻപോയിന്റ് ക്രോസിൽ നിന്ന് റഹീം സ്റ്റെർലിംഗ് 51-ാം മിനിറ്റിൽ ചെൽസിയുടെ സമനില ഗോൾ നേടി.58-ാം മിനിറ്റിൽ റൂബൻ ലോഫ്റ്റസ്-ചീക്കിന്റെ പാസിൽ നിന്നും സ്റ്റെർലിംഗ് തന്റെ നേട്ടം ഇരട്ടിയാക്കി.നാല് മിനിറ്റിനുള്ളിൽ ഫോറസ്റ്റ് വീണ്ടും സമനില ഗോൾ നേടി.ക്ലോസ് റേഞ്ച് ഹെഡറിലൂടെ അവോനി തന്റെ രണ്ടാമത്തേ ഗോൾ നേടി.ഫലം സീസണിലെ രണ്ട് മത്സരങ്ങൾ ബാക്കിനിൽക്കെ ഡ്രോപ്പ് സോണിൽ നിന്ന് ഫോറസ്റ്റിനെ മൂന്ന് പോയിന്റ് അകലെ നിലനിർത്തി. നിരാശാജനകമായ കാമ്പെയ്‌നിനൊടുവിൽ ചെൽസി 11-ാം സ്ഥാനത്ത് തുടർന്നു.

മറ്റൊരു മത്സരത്തിൽ ന്യൂ കാസിലിനെ ലീഡ്സ് യുണൈറ്റഡ് സമനിലയിൽ തളച്ചു.ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമാണ് നേടിയത്.ഡിഫൻഡർ റാസ്മസ് ക്രിസ്റ്റെൻസൻ നേടിയ .ഗോളിലാണ് ലീഡ്സ് സമനില നേടിയത്. മത്സരത്തിൽ ലീഡ്സ് ഒരു പെനാൽറ്റി നഷ്ടപ്പെടുത്തുകയും രണ്ട് സ്‌പോട്ട് കിക്ക് കൂടുതൽ വഴങ്ങുകയും സ്റ്റോപ്പേജിൽ ഒരാൾ ചുവപ്പ് കാർഡ് കണ്ട പുറത്ത് പോവുകയും ചെയ്തു.ലീഡ്‌സ് ഇപ്പോഴും തരംതാഴ്ത്തൽ മേഖലയിലാണ്, എന്നാൽ ഒരു സ്ഥാനം ഉയർന്ന് 31 പോയിന്റുമായി 18-ാം സ്ഥാനത്തെത്തി.

ന്യൂകാസിൽ 66 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുന്നു.ഏഴാം മിനിറ്റിൽ ലീഡ്‌സ് ക്യാപ്റ്റൻ ലൂക്ക് എയ്‌ലിംഗ് ആദ്യ ഗോൾ നേടി. 31 ആം മിനുട്ടിൽ കാലും വിൽസൺ പെനാൽറ്റിയിൽ നിന്നും ന്യൂ കാസിലിനെ ഒപ്പമെത്തിച്ചു. 69 ആം മിനുട്ടിൽ രണ്ടാം പെനാൽറ്റിയിലൂടെ വിൽസൺ ന്യൂ കാസിലിനു ലീഡ് നേടിക്കൊടുത്തു.79-ാം മിനിറ്റിൽ ന്യൂകാസിൽ ഒരു കോർണർ ക്ലിയർ ചെയ്യുന്നതിൽ പരാജയപ്പെട്ടപ്പോൾ, ക്രിസ്റ്റെൻസൻ സമനില ഗോൾ നേടി.

ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ മോശം പ്രീമിയർ ലീഗ് എവേ ഫോം തുടരുകയാണ്. ഇന്ന് നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ല ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ടോട്ടൻഹാമിനെ പരാജയപ്പെടുത്തി.എട്ടാം മിനിറ്റിൽ ജേക്കബ് റാംസി വില്ലയെ മുന്നിലെത്തിച്ചു.72-ാം മിനിറ്റിൽ ഡഗ്ലസ് ലൂയിസ് ഫ്രീകിക്കിലൂടെ വില്ലയുടെ രണ്ടാം ഗോൾ നേടി.90 ആം മിനുട്ടിൽ കെയ്ൻ പെനാൽറ്റിയിൽ നിന്നും ടോട്ടൻഹാമിന്റെ ആശ്വാസ ഗോൾ നേടി, വിജ യത്തോടെ ഉനായ് എമെറിയുടെ ടീം 57 പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് ഉയർന്നു.