ചെൽസിയെ മിനി അർജന്റീനയാക്കാൻ പോച്ചട്ടിനോ ഒരുങ്ങുന്നു, ലോകകപ്പ് നേടിയ മൂന്നു താരങ്ങളെ വേണം

ചെൽസി പരിശീലകനായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ മൗറീസിയോ പോച്ചട്ടിനോ ലോകകപ്പ് ടീമിലുണ്ടായിരുന്ന മൂന്ന് അർജന്റീന താരങ്ങളെ നോട്ടമിടാൻ തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസമാണ് പോച്ചട്ടിനോയെ പരിശീലകനായി നിയമിച്ച കാര്യം ചെൽസി ഔദ്യോഗികമായി അറിയിച്ചത്. മുൻ ടോട്ടനം പരിശീലകനായ പോച്ചട്ടിനോക്ക് പ്രീമിയർ ലീഗിലേക്കുള്ള രണ്ടാം വരവാണ് ചെൽസി മാനേജർ സ്ഥാനം.

ഈ സീസണിൽ വമ്പൻ താരങ്ങളെ വാങ്ങിക്കൂട്ടുകയും പരിശീലകരെ മാറി മാറി പരീക്ഷിക്കുകയും ചെയ്‌ത ചെൽസിക്ക് പക്ഷെ നിരാശയാണ് ഫലം. പ്രീമിയർ ലീഗിൽ പതിനൊന്നാം സ്ഥാനത്തു നിൽക്കുന്ന ടീമിന് അടുത്ത സീസണിലേ ഉയർത്തെഴുന്നേറ്റു വരാമെന്നുള്ള പ്രതീക്ഷയുള്ളൂ. അതിനു വേണ്ടിയാണ് പ്രീമിയർ ലീഗിൽ പരിചയസമ്പത്തുള്ള പോച്ചട്ടിനോയെ എത്തിച്ചത്.

തന്റെ ടീമിലേക്ക് മൂന്നു അർജന്റീന താരങ്ങളെ എത്തിക്കണമെന്നാണ് പോച്ചട്ടിനോ ആഗ്രഹിക്കുന്നത്. ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ്, സ്‌ട്രൈക്കർ ലൗടാരോ മാർട്ടിനസ്, മധ്യനിരയിൽ കളിക്കുന്ന അലക്‌സിസ് മാക് അലിസ്റ്റർ എന്നിവരെയാണ് അദ്ദേഹം നോട്ടമിടുന്നത്. ഈ മൂന്നു താരങ്ങളും ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

ഖത്തർ ലോകകപ്പിൽ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട എൻസോ ഫെർണാണ്ടസ് ചെൽസിയിലുണ്ട്. അതിനു പുറമെ ഈ താരങ്ങളെ കൂടി സ്വന്തമാക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കിലും യൂറോപ്യൻ യോഗ്യത പോലും നേടാൻ കഴിയാതിരുന്നത് തിരിച്ചടിയാണ്. നിലവിൽ ചെൽസി നോട്ടമിട്ട മൂന്നു താരങ്ങളും യൂറോപ്യൻ ടൂർണമെന്റിൽ കളിക്കാൻ ആഗ്രഹിക്കുന്നവരാണ്.

ഈ താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടത്തുന്നതിനു മുൻപ് ചെൽസി നിരവധി താരങ്ങളെ ഒഴിവാക്കുകയും വേണം. നിലവിൽ ഉൾക്കൊള്ളിക്കാൻ കഴിക്കുന്നതിനേക്കാൾ കൂടുതൽ താരങ്ങൾ ചെൽസി സ്‌ക്വാഡിലുണ്ട്. ഇവരിൽ പലരെയും ഒഴിവാക്കി സ്‌ക്വാഡ് സന്തുലിതമാക്കുക എന്ന വലിയ ഉത്തരവാദിത്വം പോച്ചട്ടിനോക്ക് നിറവേറ്റാനുണ്ട്.

5/5 - (1 vote)