ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായെങ്കിലും വിനീഷ്യസിന് കോളടിച്ചു, അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ കരാർ
കഴിഞ്ഞ ഏതാനും വർഷങ്ങളുടെ ഇടയിൽ റയൽ മാഡ്രിഡ് നടത്തിയ ഏറ്റവും മികച്ച സൈനിംഗുകളിൽ ഒന്നാണ് വിനീഷ്യസ് ജൂനിയർ. ബ്രസീലിയൻ ലീഗിൽ നിന്നും ടീമിലെത്തിയ താരം യൂത്ത് ടീമിലാണ് തുടക്കം കുറിച്ചതെങ്കിലും ഇപ്പോൾ സീനിയർ ടീമിലെ ഏറ്റവും മികച്ച കളിക്കാരനായി മാറിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരങ്ങളിൽ ഒരാൾ കൂടിയാണ് വിനീഷ്യസ്.
കാർലോ ആൻസലോട്ടി പരിശീലകനായതിനു ശേഷമാണ് വിനീഷ്യസ് ജൂനിയറിന്റെ ഫോമിൽ വലിയ കുതിപ്പുണ്ടായത്. കഴിഞ്ഞ സീസണിൽ രണ്ടു ലീഗും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കാൻ നിർണായക പങ്കു വഹിച്ച താരം ഈ സീസണിൽ സമാനമായ പ്രകടനം തന്നെ ആവർത്തിച്ചു. എന്നാൽ ഇത്തവണ കോപ്പ ഡെൽ റേ കിരീടം മാത്രമേ റയൽ മാഡ്രിഡിന് സ്വന്തമാക്കാൻ കഴിഞ്ഞുള്ളൂ.
റയൽ മാഡ്രിഡിന് ഈ സീസണിൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കി നൽകാൻ കഴിഞ്ഞില്ലെങ്കിലും വിനീഷ്യസ് ജൂനിയറിനു കോളടിച്ചിരിക്കുകയാണ്. ബ്രസീലിയൻ താരത്തിന്റെ മികച്ച പ്രകടനം പരിഗണിച്ച് താരത്തിന്റെ കരാർ പുതുക്കി പ്രതിഫലം വർധിപ്പിക്കാൻ റയൽ മാഡ്രിഡ് ഒരുങ്ങുകയാണ്. അടുത്ത സീസണിൽ കരാർ അവസാനിക്കാനിരിക്കെയാണ് വിനീഷ്യസിന് പുതിയ കരാർ നൽകുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ഒരു വർഷത്തിൽ ഇരുപതു മില്യൺ യൂറോ പ്രതിഫലമായി നൽകുന്ന കരാറാണ് വിനീഷ്യസിന് റയൽ മാഡ്രിഡ് നൽകാനൊരുങ്ങുന്നത്. ഇരുപത്തിരണ്ടു വയസുള്ള താരത്തിനെ 2027 വരെ ടീമിൽ നിലനിർത്താനാണ് റയൽ മാഡ്രിഡ് ഒരുങ്ങുന്നത്. ഈ കരാർ നിലവിൽ വരുന്നതോടെ കരിം ബെൻസിമ, ടോണി ക്രൂസ് തുടങ്ങിയ താരങ്ങളെല്ലാം വിനീഷ്യസിന് പിന്നിലാകും.
BREAKING 🚨 Vinicius Jnr to be rewarded with a new mega-money Real Madrid contract
— MailOnline Sport (@MailSport) May 18, 2023
✍️ @PeteJenson https://t.co/HC4OHm42wb pic.twitter.com/mWbbEzWwxa
ഈ സീസണിൽ നാൽപ്പത്തിയഞ്ച് ഗോളുകളിൽ പങ്കാളിയായ താരമാണ് വിനീഷ്യസ്. വെറും ഇരുപത്തിരണ്ടു വയസ് മാത്രം പ്രായമുള്ളപ്പോൾ ക്ലബ് ഫുട്ബോളിലെ സാധ്യമായ നേട്ടങ്ങളെല്ലാം താരം സ്വന്തമാക്കി. കൂടുതൽ പരിചയസമ്പത്തും സാങ്കേതികമികവും വരുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരമായി വിനീഷ്യസ് മാറുമെന്നതിൽ സംശയമില്ല.