ലാലിഗയ്ക്കെതിരെയും സ്പെയിനിനെതിരെയും ആഞ്ഞടിച്ച് വിനിഷ്യസ്; പിന്തുണയുമായി ഫുട്ബോൾ ലോകം
ഫുട്ബോൾ കളിക്കളത്തിൽ നിന്നും വീണ്ടും വംശീയധിക്ഷേപത്തിന്റെ വാർത്തകൾ പുറത്തുവരികയാണ്. റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരം വിനീഷ്യസ് ജൂനിയറാണ് ഏറ്റവും ഒടുവിലത്തെ വംശാധിക്ഷേപത്തിന്റെ ഇര. ഇന്നലെ ലാലിഗയിൽ നടന്ന റയൽ – വലൻസിയ മത്സരത്തിലാണ് താരം വംശീയമായി അധിക്ഷേപിക്കപ്പെട്ടത്.
വലൻസിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിലൊടുനീളം വലൻസിയ ആരാധകർ വിനീഷ്യസിനെതിരെ വംശീയ അധിക്ഷേപ വാക്കുകൾ ഉയർത്തുകയായിരുന്നു. വിനീഷ്യസ് കുരങ്ങനെന്നും ഇഡിയറ്റ് ആണെന്നുള്ള അധിക്ഷേപ പരാമർശങ്ങളാണ് വലൻസിയ ആരാധകർ ഉയർത്തിയത്.മത്സരത്തിൽ റയൽ പരാജയപ്പെടുകയും ചെയ്തു. 1- 0 എന്ന സ്കോർലൈനിലാണ് റയൽ പരാജയപ്പെട്ടത്. കൂടാതെ മത്സരത്തിൽ വലൻസിയൻ താരവുമായി നടന്ന വാക്കേറ്റത്തിൽ വിനീഷ്യസ് റെഡ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തു.
മത്സരത്തിനുശേഷം താൻ നേരിട്ട വംശീയ അധിക്ഷേപത്തെ പറ്റി താരം പ്രതികരിക്കുകയും ചെയ്തു. ഇത് ആദ്യമായല്ല ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നതെന്നും ലാലിഗയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ സ്ഥിരമാവുകയാണെന്നും വിനീഷ്യസ് ചൂണ്ടിക്കാട്ടി. ഫെഡറേഷനും എതിരാളികളും ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ്. റൊണാൾഡിഞ്ഞോ,റൊണാൾഡോ, മെസ്സി ക്രിസ്റ്റിയാനോ റൊണാൾഡോ തുടങ്ങിയ താരങ്ങൾ കളിച്ച ലീഗ് ഇപ്പോൾ പൂർണമായും വംശീയ അധിക്ഷേപകരുടെ ലീഗായി മാറിയിരിക്കുകയാണ് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ബ്രസീലുകാരുടെ മനസ്സിൽ സ്പെയിൻ ഒരു വംശീയ അധിക്ഷേപത്തിന്റെ രാജ്യമായി മാറിയെന്നും അദ്ദേഹം കുറിച്ചു. തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയായിരുന്നു വിനീഷ്യന്റെ ഈ പ്രതികരണം. വംശാധിക്ഷേപത്തിനെതിരെ തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ വിനീഷ്യസിന് പിന്തുണയുമായി ഫുട്ബോൾ ലോകത്തെ പ്രമുഖരും രംഗത്തെത്തി. ബ്രസീലിന്റെ സൂപ്പർ താരം നെയ്മർ, റയൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി തുടങ്ങിയവരൊക്കെ താരത്തിന് പൂർണ്ണ പിന്തുണയുമായെത്തി. അതേസമയം വലൻസിക്കെതിരെയും ആരാധകർക്കെതിരെയും ലാലിഗ ഇതുവരെ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
Vinícius Jr. speaks on the racist abuse he suffers while playing in La Liga. pic.twitter.com/R1f3PdfIoa
— B/R Football (@brfootball) May 21, 2023