ജൂലിയൻ ആൽവരെസിന് ജർമനിയിൽ നിന്നും തകർപ്പൻ ഓഫർ, മാഞ്ചസ്റ്റർ സിറ്റി വിട്ടേക്കുമെന്ന് സൂചന

ഖത്തറിലെ ഫിഫ വേൾഡ് കപ്പ്‌ കിരീടം അർജന്റീന ദേശീയ ടീം ഉയർത്തുമ്പോൾ അർജന്റീന ആരാധകർ ഏറെ പ്രതീക്ഷയോടെ തങ്ങളുടെ ഭാവിയായി കണ്ടത് യുവതാരമായ ജൂലിയൻ അൽവാരസിനെയാണ്. വേൾഡ് കപ്പിലെ മികച്ച യുവതാരത്തിനുള്ള അവാർഡ് നേടിയ താരം പ്രതീക്ഷക്കൊത്ത പ്രകടനമാണ് കാഴ്ച വെച്ചത്.

ഫിഫ വേൾഡ് കപ്പിന് പിന്നാലെ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ഉയർത്തിയ ജൂലിയൻ അൽവാരസ് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതിന് ഒരു മത്സരം മാത്രം അകലെയാണ്. ഒരു സീസണിൽ തന്നെ ഫിഫ വേൾഡ് കപ്പ്‌, യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന പ്രീമിയർ ലീഗ് താരമെന്ന റെക്കോർഡ് സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഈ 23-കാരൻ.

അവസരങ്ങൾ കിട്ടുമ്പോഴെല്ലാം മികച്ച രീതിയിൽ പ്രകടനം നടത്തുന്ന ഈ അർജന്റീന താരത്തിന് പലപ്പോഴും ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിൽ സ്ഥിരമായി ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കാറില്ല. അതിനാൽ തന്നെ ഈ അവസരം മുതലെടുത്തു കൊണ്ട് താരത്തിനെ സ്വന്തമാക്കാൻ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബുണ്ടസ്‌ലിഗ വമ്പൻമാരായ ബയേൺ മ്യൂണിക്.

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ജൂലിയൻ അൽവാരസിനെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യമായി കണ്ട ബയേൺ മ്യൂനിക് താരത്തിനെ സ്വന്തമാക്കാനുള്ള സാധ്യതകളെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. മികച്ച ഒരു മുന്നേറ്റനിര താരത്തിന് വേണ്ടി ശ്രമങ്ങൾ തുടരുന്ന ബയേൺ മ്യൂനിക്കിന് ഈ അർജന്റീന താരത്തിന്റെ സാന്നിധ്യം ഭാവിയിലും ഗുണം ചെയ്തേക്കാം.

എന്നാൽ 2028 വരെ മാഞ്ചസ്റ്റർ സിറ്റിയുമായി കരാറിൽ ഒപ്പ് വെച്ച ജൂലിയൻ അൽവാരസിനെ സ്വന്തമാക്കാൻ ബയേൺ മ്യൂനിക്കിന് നല്ലൊരു ട്രാൻസ്ഫർ ഫീ നൽകേണ്ടി വരും. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സിറ്റി ടീമിന്റെ ആദ്യ ഇലവനിൽ സ്ഥാനമില്ലാത്ത ഈ യുവ സൂപ്പർ താരത്തിന്റെ ഭാവി സിറ്റിയിലുണ്ടാകുമെന്ന് ഉറപ്പില്ല.