അർജന്റീനിയൻ പാസ്പോർട്ട്‌ എടുത്തില്ല, ചൈനയിൽ ലിയോ മെസ്സിയെ ബോർഡർ ഓഫീസർമാർ തടഞ്ഞുവെച്ചു

യൂറോപ്യൻ ഫുട്ബോൾ സീസണിന് ഒഫീഷ്യൽ ആയി അവസാനം കുറിച്ചതിന് ശേഷം ഇപ്പോൾ ഫുട്ബോൾ ആരാധകർ ഇന്റർനാഷണൽ മത്സരങ്ങളുടെ ഇടവേളയിലേക്ക് തിരിയുകയാണ്. ലിയോ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും അർജന്റീനയും ബ്രസീലും പോർച്ചുഗലുമെല്ലാം കളത്തിലിറങ്ങുന്ന നാളുകളാണ് ഇനി മുൻപിലുള്ളത്.

സൗഹൃദ മത്സരങ്ങൾക്ക് വേണ്ടി ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ വിമാനം ഇറങ്ങിയ ലിയോ മെസ്സിയുടെ അർജന്റീന ടീം ജൂൺ 15-ന് ഓസ്ട്രേലിയക്കെതിരെ ആദ്യ സൗഹൃദ മത്സരം കളിക്കും. ബെയ്ജിങ്ങിലെ വർക്കേഴ്സ് സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യൻ സമയം വൈകുന്നേരം 5:30ന് ഈ മത്സരം അരങ്ങേറുന്നത്. രണ്ടാം മത്സരത്തിൽ ജകാർത്തയിൽ വെച്ച് ഇന്തോനേഷ്യയെ അർജന്റീന ജൂൺ 19-ന് ഇന്ത്യൻ സമയം വൈകുന്നേരം 6മണിക്ക് നേരിടും.

ഇതിനകം തന്നെ ബെയ്ജിങ്ങിലെത്തി പരിശീലനം ആരംഭിച്ച അർജന്റീന ടീമിലേക്ക് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിച്ച താരങ്ങളാണ് വരാനുള്ളത്. ലിയോ മെസ്സിയടക്കമുള്ള സൂപ്പർ താരങ്ങൾ ഇതിനകം ടീമിനോടൊപ്പം ചേർന്നിട്ടുണ്ട്. ഈ വ്യാഴാഴ്ച നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയാണ് നിലവിലെ വേൾഡ് കപ്പ്‌ ജേതാക്കളായ അർജന്റീന ടീം.

എന്നാൽ സൗഹൃദ മത്സരത്തിനായി ബെയ്ജിങ്ങിലെ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ലിയോ മെസ്സിയെ ബോർഡർ ഒഫീഷ്യൽസ് അൽപ്പ സമയം തടഞ്ഞുവെച്ചിരുന്നു. അർജന്റീനിയൻ പാസ്പോർട്ടിനു പകരം ലിയോ മെസ്സി തന്റെ സ്പാനിഷ് പാസ്പോർട്ടാണ് എടുത്തിരുന്നത്, ഈയൊരു പ്രശ്നം കാരണം അൽപ്പസമയം എയർപോർട്ടിൽ തന്നെ ലിയോ മെസ്സിക്ക് തങ്ങേണ്ടി വന്നു.

2-3 മണിക്കൂറുകൾക്കകം പുതിയ വിസ ലഭിക്കുകയും തുടർന്നാണ് ലിയോ മെസ്സിക്ക് വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് വരാനുമായത്. ചൈനയിലെത്തിയ ലിയോ മെസ്സിയെയും സംഘത്തിനെയും കാണാൻ നിരവധി പേരാണ് ഒഴുകിയെത്തിയത്. അർജന്റീന ടീം താമസിക്കുന്ന ഹോട്ടലിന് പുറത്തും ലിയോ മെസ്സിയെ കാണാനുള്ള തിരക്ക് കൂടുതലാണ്.

1.6/5 - (206 votes)