‘ഞാൻ എന്റെ പുതിയ നഗരത്തിൽ, എന്റെ പുതിയ ക്ലബ്ബിൽ തുടങ്ങും’: ലയണൽ മെസ്സി |Lionel Messi

ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയമിലേക്കുള്ള തന്റെ നീക്കം പ്രഖ്യാപിച്ചത്.മെസ്സിയുടെ സൈനിങ്ങ് പ്രഖ്യാപിച്ചത് കൊണ്ട് എല്ലാവരും ശ്രദ്ധയോടെ നോക്കുന്ന ഒരു ക്ലബ്ബാണ് ഇപ്പോൾ ഇന്റർ മിയാമി.ഇന്റർ മിയാമിയുമായി പുതിയ യാത്ര ആരംഭിക്കുന്നതിന് മുമ്പ് കുറച്ച് ദിവസം അവധി എടുക്കുമെന്ന് ലയണൽ മെസ്സി പറഞ്ഞു.

സൗദി അറേബ്യയിലേക്കും ബാഴ്‌സലോണയിലേക്കും മടങ്ങിയെത്തുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും, ഫ്രീ ഏജന്റായി പിഎസ്ജി വിടുമെന്നും മിയാമിയിലേക്ക് പോകുമെന്നും പ്രഖ്യാപിച്ചതിന് പിന്നാലെ യൂറോപ്പിലെ തന്റെ സമയം അവസാനിപ്പിക്കാൻ മെസ്സി തീരുമാനിച്ചു.അടുത്ത മാസം ക്രൂസ് അസുലിനെതിരായ ലീഗ് ഓപ്പണറിനിടെ മെസ്സി തന്റെ അരങ്ങേറ്റം കുറിക്കുമെന്ന് ഇന്റർ മിയാമി മാനേജിംഗ് ഉടമ ജോർജ്ജ് മാസ് നേരത്തെ പറഞ്ഞിരുന്നു.

36 കാരനായ മെസ്സി നിലവിൽ അർജന്റീനയിലാണ്.റൊസാരിയോയിലെ തന്റെ ബാല്യകാല ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്‌സിൽ മാക്സി റോഡ്രിഗസിന്റെ വിടവാങ്ങൽ മത്സരത്തിലാണ് ആദ്യമായി കളിച്ചത്. പിന്നീട് ലാ ബോംബോനേരയിൽ ജുവാൻ റോമൻ റിക്വൽമിക്ക് വേണ്ടിയുള്ള വിടവാങ്ങൽ മത്സരത്തിൽ മെസ്സി കളിച്ചു. തന്റെ പുതിയ ക്ലബിൽ ചേരുന്നതിന് മുമ്പ് കുറച്ച് സമയമെടുക്കുമെന്ന് മെസ്സി ഇപ്പോൾ സ്ഥിരീകരിച്ചു.അർജന്റീനിയൻ പബ്ലിക് ടെലിവിഷനോട് സംസാരിച്ച മെസ്സി തനിക്ക് കുറച്ച് ദിവസത്തെ അവധിയുണ്ടെന്നും തുടർന്ന് തന്റെ പുതിയ ക്ലബ്ബിൽ തുടങ്ങുമെന്നും പറഞ്ഞു. ഇന്റർ മിയാമിയിൽ തുടങ്ങാൻ വളരെ ആവേശമുണ്ടെന്ന് മെസ്സി പറഞ്ഞു.

” റിക്വൽമിയുടെ വിടവാങ്ങൽ മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് വളരെ സന്തോഷകരമായ ഒരു വികാരമാണ്.ഇപ്പോൾ കുറച്ച് ദിവസത്തെ അവധിയുണ്ടാകും, അതിനുശേഷം ഞാൻ എന്റെ പുതിയ നഗരത്തിൽ, എന്റെ പുതിയ ക്ലബ്ബിൽ (ഇന്റർ മിയാമി) തുടങ്ങും, ഞാൻ വളരെ ആവേശത്തിലാണ്. പക്ഷേ ഇപ്പോൾ കുടുംബവും അവധിക്കാലവും ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” മെസ്സി പറഞ്ഞു.

‘ഇന്റർ മിയാമിയിലേക്കുള്ള എന്റെ നീക്കത്തെ ഒരുപാട് ആളുകൾ പിന്തുണച്ചില്ലെന്ന് എനിക്കറിയാം, എന്നാൽ ഈ ആളുകളോട് എനിക്ക് പറയാനുള്ളത് ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങൾ സുഖമായും സന്തോഷമായും ആണെന്നതാണ്. ഇത് എന്റെ ജീവിതത്തിലെ ഒരു പുതിയ ഘട്ടമാണ്, ഞാൻ സന്തോഷവാനും ആവേശഭരിതനുമാണ്’റിക്വൽമിയുടെ വിടവാങ്ങൽ ഗെയിമിൽ ലയണൽ മെസ്സി പറഞ്ഞു.

5/5 - (2 votes)