ഇന്ത്യൻ പരിശീലകന് വീണ്ടും റെഡ് കാർഡ് , കുവൈറ്റിനെതിരെ വിജയം കൈവിട്ട് ഇന്ത്യ |India Vs Kuwait, SAFF Championship 2023
സാഫ് കപ്പിലെ അവസാന മത്സരത്തിൽ കുവൈറ്റിനോട് സമനില വഴങ്ങി ഇന്ത്യ. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. ഇന്ത്യക്കായി സുനിൽ ഛേത്രിയാണ് ഗോൾ നേടിയത്. ഇന്ത്യൻ പരിശീലകൻ ഇഗോർ സ്ടിമാക്ക് അടക്കം മൂന്നു താരങ്ങൾ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇഞ്ചുറി ടൈമിലെ സെൽഫ് ഗോളാണ് കുവൈറ്റിന് സമനില നേടിക്കൊടുത്തത്.
ഇന്ത്യയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത് . ശക്തമായ എതിരാളികൾ ആയിട്ടും മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. 47 ആം മിനുട്ടിലാണ് ഇന്ത്യ ഗോൾ നേടിയത്. കോർണറിൽ നിന്നും ഒരു അക്രോബാറ്റിക്ക് വോളിയിലൂടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ തന്റെ രാജ്യത്തിനായുള്ള 92 ആം ഗോൾ നേടിയത്. രണ്ടാം പകുതിയിലും ഇന്ത്യയുടെ മുന്നേറ്റമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്.
എന്നാൽ മത്സരത്തിലെ 81 ആം മിനുട്ടിൽ പരിശീലകൻ ഇഗോർ സ്ടിമാക്ക് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു.ഇത് രണ്ടാം തവണയാണ് ഇന്ത്യൻ പരിശീലകൻ ചുവപ്പ് കാർഡ് കാണുന്നത്. 89 ആം മിനുട്ടിൽ ഇന്ത്യൻ താരത്തിനും കുവൈറ്റി താരത്തിനും ചുവപ്പ് കാർഡ് ലഭിച്ചതോടെ ഇരു ടീമുകളും 10 പേരായി ചുരുങ്ങി. ഇഞ്ചുറി ടൈമിൽ അന്വര് അലിയുടെ സെല്ഫ് ഗോൾ കുവൈറ്റിന് സമനില സമ്മാനിച്ചു.
സമനിലയോടെ മൂന്നു മത്സരങ്ങളിൽ നിന്നും 7 പോയിന്റ് നേടിയ കുവൈറ്റ് ഗ്രൂപ്പിൽ ഒന്നമതായി. 7 പോയിന്റ് നേടിയെങ്കിലും ഇന്ത്യക്ക് രണ്ടാം സ്ഥാനമാണ് ലഭിച്ചത്.