അർജന്റീനയുടെ ലോകകപ്പ് ഹീറോ എമിലിയാനോ മാർട്ടിനെസ് നാളെ കൊൽക്കത്തയിലെത്തും |Emiliano Martinez

ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിനായി മികച്ച പ്രകടനം നടത്തുകയും കിരീടം നേടാൻ പ്രധാന പങ്കു വഹിക്കുകയും ചെയ്‌ത്‌ ആരാധകരുടെ ഹീറോയായി മാറിയ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് നാളെ ഇന്ത്യയിലെത്തും.

തന്റെ കൊൽക്കത്ത പര്യടനത്തിന്റെ ഭാഗമായി, “ദിബു” മാർട്ടിനെസ് കൊൽക്കത്തയുടെ ഐക്കണിക് ക്ലബ്ബായ മോഹൻ ബഗാനും സന്ദർശിക്കും. നാളെ ഹ്രസ്വ സന്ദർശനത്തിനായി ധാക്കയിൽ ആണ് മാർട്ടിനെസ് ആദ്യമെത്തുക.ധാക്കയിലെ മീറ്റ് ആൻഡ് ഗ്രീറ്റ് സെഷനുശേഷം, ആസ്റ്റൺ വില്ല ഗോൾകീപ്പർ കൊൽക്കത്തയിലേക്ക് പോകും.രണ്ടര ദിവസത്തെ ഇന്ത്യാ സന്ദർശനത്തിൽ ഇന്ത്യയിലെ നിരവധി പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.

മോഹൻ ബഗാനിൽ പെലെ-മറഡോണ-സോബേഴ്‌സ് ഗേറ്റ് അദ്ദേഹം ഉദ്ഘാടനം ചെയ്യുമെന്ന് ഇന്ത്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.ട്ബോൾ ഇതിഹാസങ്ങളായ പെലെയെയും ഡീഗോ മറഡോണയെയും കൊൽക്കത്തയിലേക്ക് കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ച സത്രദു ദത്ത തന്നെയാണ് മാർട്ടിനെസിനെയും കൊൽക്കത്തയിലേക്ക് കൊണ്ട് വരുന്നത്.2021ൽ മാത്രം അർജന്റീനക്കായി ആദ്യ മത്സരം കളിക്കുന്ന എമിലിയാനോ മാർട്ടിനസ് കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നേടിയ മൂന്ന് കിരീടനേട്ടങ്ങളിലും നിർണായക പങ്കു വഹിച്ചിട്ടുണ്ട്.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയ്ക്കായി കളിക്കുന്ന 30 കാരനായ മാർട്ടിനെസ് ലോകകപ്പിലെ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു. 2021-ലെ കോപ്പ അമേരിക്കയിൽ മെസ്സിയുടെ കീഴിൽ അർജന്റീന കിരീടം നേടിയപ്പോഴും അതേ ബഹുമതിക്ക് അദ്ദേഹത്തെയും തിരഞ്ഞെടുത്തു.

Rate this post