‘ഞങ്ങൾക്ക് മെസ്സി ഇല്ല’: റൊണാൾഡോ ഉണ്ടായിന്നിട്ടും ലോകകപ്പിൽ പോർച്ചുഗൽ പരാജയപ്പെട്ടത് എന്തുകൊണ്ടെന്ന് ഡെക്കോ വിശദീകരിക്കുന്നു

2022 ലോകകപ്പിൽ പോർച്ചുഗൽ എന്തുകൊണ്ടാണ് പരാജയപ്പെട്ടത് എന്നതിനെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെച്ചിരിക്കുകയാണ് മുൻ ബാഴ്‌സലോണയുടെയും ചെൽസിയുടെയും മധ്യനിര താരമായ ഡെക്കോ. ലയണൽ മെസ്സി ടീമിന്റെ ഭാഗമായിരുന്നെങ്കിൽ പോർച്ചുഗലിന് ലോകകപ്പിൽ ചാമ്പ്യന്മാരാകാൻ കഴിയുമായിരുന്നുവെന്ന് ഡെക്കോ പറഞ്ഞു.

ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി ഖത്തറിലെ തങ്ങളുടെ മൂന്നാം ലോകകപ്പ് വിജയത്തിലേക്ക് അർജന്റീനയെ നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.സൗത്ത് അമേരിക്കൻ വമ്പന്മാർ സൗദി അറേബ്യയ്‌ക്കെതിരെ 2-1 തോൽവിയോടെ തങ്ങളുടെ കാമ്പെയ്‌ൻ ആരംഭിച്ചുവെങ്കിലും അതിനുശേഷം എല്ലാ ഗെയിമുകളും വിജയിച്ചു.ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കിയാണ് അര്ജന്റീന കിരീടം നേടിയത്.ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി ലയണൽ മെസ്സി ഗോൾഡൻ ബോൾ നേടി. ഫൈനലിൽ ഇരട്ട ഗോളുകൾ നേടുകയും ഷൂട്ടൗട്ടിൽ പെനാൽറ്റി ഗോളാക്കി മാറ്റുകയും ചെയ്തു.

വിരമിക്കലിന് ശേഷം ഫുട്ബോൾ ഏജന്റായി മാറിയ ഡെക്കോ, അർജന്റീനയുടെ വിജയത്തിൽ മെസ്സിയുടെ സ്വാധീനവും പോർച്ചുഗലിന്റെ പോരായ്മകളുമാണ് ഇരു ടീമുകളും തമ്മിലുള്ള വിജയത്തിലെ വ്യത്യാസത്തിന് കാരണമെന്ന് പറഞ്ഞു.“അർജന്റീന ലോകകപ്പ് നേടിയത് അവർക്ക് മെസ്സി ഉള്ളതുകൊണ്ടാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം പോർച്ചുഗലിന് മികച്ച കളിക്കാരുടെ മികച്ച തലമുറ ഉണ്ടായിരുന്നു, പക്ഷേ ഞങ്ങൾക്ക് മെസ്സി ഇല്ല,” അർജന്റീനിയൻ ഔട്ട്‌ലെറ്റ് ടിആർ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ ഡെക്കോ പറഞ്ഞു.

പോർച്ചുഗലിന്റെ ക്യാപ്റ്റനും മെസ്സിയുടെ എതിരാളിയുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ 2022 ഫിഫ ലോകകപ്പിൽ ഒരു സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെട്ടു. അഞ്ച് കളികളിൽ നിന്ന് ഒരു ഗോൾ മാത്രം നേടിയ അദ്ദേഹം രണ്ട് നോക്കൗട്ട് മത്സരങ്ങളിൽ ബെഞ്ചിലിരിക്കുകയും ചെയ്തു.