മെസ്സി മാജിക്! സ്റ്റോപ്പേജ്-ടൈമിലെ വിജയ ഗോളോടെ ഇന്റർ മിയാമി അരങ്ങേറ്റംക്കുറിച്ച് ലയണൽ മെസ്സി

ഫ്‌ളോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിലുള്ള ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ നടന്ന ഇന്റർ മിയാമി ക്രൂസ് അസൂൾ മത്സരം ഫുട്‌ബോൾ ആരാധകരുടെ സ്മരണയിൽ എക്കാലവും നിലനിൽക്കുന്ന നിമിഷങ്ങളിൽ ഒന്നായിരുന്നു. സൂപ്പർ താരം ലയണൽ മെസ്സി തന്റെ ഇന്റർ മിയാമി അരങ്ങേറ്റം നടത്തുകയും സ്റ്റോപ്പേജ് ടൈമിൽ നേടിയ ഫ്രീ കിക്ക് ഗോളിലൂടെ ഇന്റർ മിയാമിയെ വിജയത്തിലെത്തിക്കുകയും ചെയ്തു.

ഇന്ന് നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മെസ്സി ഇഞ്ചുറി ടൈമിൽ ഫ്രീകിക്കിൽ നിന്നും നേടിയ തകർപ്പൻ ഗോളിലൂടെ ക്രൂസ് അസൂലിനെതിരെ ഇന്ററിന് വിജയം നേടിക്കൊടുത്തു. മെസ്സിക്കൊപ്പം സെർജിയോ ബുസ്കെറ്റും ഇന്റർ മിയാമിക്കായി അരങ്ങേറ്റം കുറിച്ചിരുന്നു. മത്സരത്തിന്റെ 44 ആം മിനുട്ടിൽ റോബർട്ട് ടൈലർ നേടിയ ഗോളിൽ ഇന്റർ മിയാമി മത്സരത്തിൽ ലീഡ് നേടി.

54 ആം മിനുട്ടിൽ ബെഞ്ചമിൻ ക്രെമാഷിയുടെ പകരക്കാരനായാണ് മെസ്സി കളത്തിലിറങ്ങിയത്. 65 ആം മിനുട്ടിൽ യൂറിയൽ അന്റുന നേടിയ ഗോളിൽ ക്രൂസ് അസൂൽ സമനില പിടിച്ചു. മെസ്സി ഇറങ്ങിയതിന് ശേഷം ഇന്റർ മിയാമിയുടെ കളി ശൈലിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. മെസ്സിയെ കേന്ദ്രീകരിച്ചായിരുന്നു പിന്നീട് ഇന്റർ കളിച്ചത്.മധ്യനിരയിൽ നിന്നും മുന്നേറ്റ നിരയിലേക്ക് പന്തുകൾ എത്തികൊണ്ടേയിരുന്നു.

അടുത്തടുത്ത മിനുട്ടിൽ മാർട്ടിനെസിന് മെസ്സി രണ്ടു അവസരങ്ങൾ ഒരുക്കികൊടുത്തെങ്കിലും അത് മുതൽക്കാനായില്ല. മത്സരം സമനിലയിലേക്ക് പോവുമെന്ന് തോന്നിപ്പിച്ച നിമിഷമാണ് മെസ്സിയെ ഫൗൾ ചെയ്തതിന് ബോക്‌സിന്റെ അരികിൽ ഇന്റർ മിയാമിക്ക് ഫ്രീകിക്ക് ലഭിക്കുന്നത്. മെസ്സിയുടെ മനോഹരമായ ഇടം കാൽ കിക്ക് ഗോൾ കീപ്പര്ക്ക് ഒരു അവസരവും കൊടുക്കാതെ വലയിൽ കയറി.അതോടെ ഇന്റർ മിയാമി വിജയവും ഉറപ്പിച്ചു.

5/5 - (1 vote)