ആവേശം അലയടിച്ച പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിഴച്ചു,ആഴ്സനൽ ചാമ്പ്യൻസ്

2023-2024 യൂറോപ്പ്യൻ ഫുട്ബോൾ സീസണിന് കിരീടം നേടിക്കൊണ്ട് തുടക്കം കുറിക്കുകയാണ് ഗണേഴ്സ്., കഴിഞ്ഞ സീസണിൽ തങ്ങളെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ കിരീടം ഉയർത്തിയ മാഞ്ചസ്റ്റർ സിറ്റിയെ ഫൈനൽ പോരാട്ടത്തിൽ കീഴടക്കിയാണ് മൈക്കൽ ആർടെറ്റയുടെ സംഘം കിരീടം നേടുന്നത്.

കഴിഞ്ഞ സീസണിലെ കമ്മ്യൂണിറ്റി ഷീൽഡ് ട്രോഫി ഫൈനലിലും ലിവർപൂളിനോട് 3-1 എന്ന സ്കോറിനു തോൽക്കാൻ ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിധി, ഇത്തവണ നടന്ന കമ്മ്യൂണിറ്റി ഷീൽഡിന്റെ ഫൈനൽ മത്സരത്തിലും മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായി തോൽവി വഴങ്ങി. അതും അവസാനനിമിഷം വമ്പൻ ക്ലൈമാക്സ്‌ നിമിഷത്തിലൂടെയാണ് ആർസനൽ മത്സരം തിരിച്ചുപിടിച്ചത്.

ഇംഗ്ലണ്ടിലെ വെമ്പ്ളി സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചപ്പോൾ രണ്ടാം പകുതിയിൽ 77 മിനിറ്റിൽ പാൽമറിലൂടെ ലീഡ് നേടിത്തുടങ്ങിയ മാഞ്ചസ്റ്റർ സിറ്റി അവസാനനിമിഷങ്ങളിൽ ഫൈനൽ മത്സരത്തിലെ വിജയവും ട്രോഫിയും സ്വപ്നം കണ്ടിരുന്നു. എന്നാൽ സിറ്റിയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി കൊണ്ട് ഇഞ്ചുറി ടൈമിന്റെ അവസാനനിമിഷം90+11-മിനിറ്റിൽ ട്രോസാർഡ് സിറ്റിക്കെതിരെ വലകുലുക്കി ആഴ്‌സനലിന്റെ രക്ഷകനായി അവതരിച്ചു.

നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടി സമനില പാലിച്ച മത്സരം പിന്നീട് നേരിട്ട് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് അടിപതറി. ആദ്യത്തെ നാല് കിക്കുകളും കൃത്യമായി മാഞ്ചസ്റ്റർ സിറ്റിയുടെ വലയിൽ എത്തിച്ച ആർസനൽ ട്രോഫി നേടി. എന്നാൽ കെവിൻ ഡിബ്രുയ്നെ, റോഡ്രി എന്നിവർ പെനാൽറ്റി കിക്കുകൾ പാഴാക്കിയെങ്കിലും പോർച്ചുഗീസ് താരമായ ബെർണാഡോ സിൽവ മാത്രമാണ് സിറ്റിക്ക് വേണ്ടി പെനാൽറ്റി കിക് സ്കോർ ചെയ്തത്.

പെനാൽറ്റി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് വിജയിച്ച ആർസനൽ തങ്ങളുടെ ക്ലബ്ബിന്റെ ചരിത്രത്തിലെ പതിനേഴാമത് കമ്മ്യൂണിറ്റി ഷീൽഡ് ട്രോഫി ഉയർത്തി. വരുന്ന സീസണിലേക്ക് വേണ്ടി കിരീടം നേടിത്തുടങ്ങിയ ആർസണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം, ചാമ്പ്യൻസ് ലീഗ് ട്രോഫി എന്നിവ കൂടിയാണ് ലക്ഷ്യം വെക്കുന്നത്.