ബാഴ്സയോ സൗദിയോ? ക്രിസ്റ്റ്യാനോയുടെ ലീഗിലേക്ക് നെയ്മർ വരാനുള്ള സാധ്യതകൾ കൂടുതലാണെന്ന് ഫാബ്രിസിയോ |Neymar Jr

നിലവിലെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പാരീസ് സെന്റ് ജർമയിന്റെ സൂപ്പർതാരമായ നെയ്മർ ജൂനിയറിന്റെ ട്രാൻസ്ഫർ വാർത്തകളാണ് ഫുട്ബോൾ ലോകത്തെങ്ങും കേൾക്കുന്നത്. 2025 വരെ ഫ്രഞ്ച് ക്ലബ്ബുമായി കരാർ ഉണ്ടെങ്കിലും ടീം വിടാൻ നെയ്മർ ജൂനിയർ ആഗ്രഹം പ്രകടിപ്പിച്ചു എന്ന വാർത്തകളാണ് വരുന്നത്. നെയ്മർ ജൂനിയറിന്റെ ആഗ്രഹപ്രകാരം കരാർ അവസാനിക്കാൻ പി എസ് ജിയും തയ്യാറാവുകയാണെന്നാണ് റിപ്പോർട്ടുകൾ.

ഇതോടെ 31 കാരനായ ബ്രസീലിയൻ താരത്തിന് വേണ്ടി നിരവധി വമ്പൻ ക്ലബ്ബുകൾ ആണ് രംഗത്തെത്തുന്നത്. മുൻ ക്ലബ്ബായ എഫ് സി ബാഴ്സലോണയുടെ പേരിൽ നിരവധി ശക്തമായ ട്രാൻസ്ഫർ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നേങ്കിലും മേജർ സോക്കർ ലീഗ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നും നെയ്മർ ജൂനിയറിന് മികച്ച ഓഫറുകൾ വരുന്നുണ്ട്.

നിലവിൽ ഫാബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം നെയ്മർ ജൂനിയറിനു വേണ്ടി വമ്പൻ ഓഫർ മുന്നോട്ടുവച്ച് സൗദി ക്ലബ്ബായ അൽ ഹിലാൽ നെയ്മറിനെ സൈൻ ചെയ്യാനുള്ള മത്സരത്തിൽ മുന്നിലാണ്. അൽ ഹിലാൽ ക്ലബ്ബുമായി നെയ്മർ ജൂനിയർ ഒഫീഷ്യൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട് എന്നാണ് ഫാബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം നെയ്മർ ജൂനിയറിന്റെ ടീം പി എസ് ജിയുമായി കരാർ അവസാനിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ്. മേജർ സോക്കർ ലീഗിൽ നിന്നുമുള്ള ക്ലബ്ബുകളും എഫ് സി ബാഴ്സലോണയും നെയ്മർ ജൂനിയറിനു വേണ്ടി ട്രാൻസ്ഫർ രംഗത്ത് ഉണ്ടെങ്കിലും അൽ ഹിലാൽ തന്നെയാണ് ഏറെ മുന്നിൽ കുതിക്കുന്നതെന്ന് ഫാബ്രിസിയോ പറയുന്നു. നെയ്മർ ജൂനിയർ സൗദിയിലേക്ക് പോകാനുള്ള കൂടുതൽ സാധ്യതകൾ ഉണ്ടെന്നും ഫാബ്രിസിയോ റോമാനോ തന്റെ അഭിപ്രായം വ്യക്തമാക്കി.

Rate this post