ബ്രസീലിന്റെ ലിറ്റിൽ മജിഷ്യനും അറബ് മണ്ണിലേക്ക്; പക്ഷെ സൗദിയല്ല…

യൂറോപ്പിലെ വമ്പൻ താരങ്ങളെല്ലാം സൗദിയിലേക്ക് കൂടുമാറുമ്പോൾ അറബ് മണ്ണിലേക്ക് പോകാനുള്ള ശ്രമം നടത്തുകയാണ് ബ്രസീലിയൻ താരം ഫിലിപ്പ് കൂട്ടിഞ്ഞോ. താരത്തിനായി ഖത്തറിൽ നിന്നുള്ള ഒരു ക്ലബ്‌ രംഗത്ത് വന്നതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ഖത്തർ ക്ലബ്ബിന് പുറമെ സൗദി ക്ലബ്ബുകളും താരത്തിനായി രംഗത്തുണ്ട്.

താരം നിലവിൽ പ്രീമിയർ ലീഗ് ക്ലബ്‌ ആസ്റ്റൺ വില്ലയ്ക്ക് വേണ്ടിയാണ് പന്ത് തട്ടുന്നത്.ഇവിടങ്ങളിൽ നിന്ന് മികച്ച ഓഫർ വരികയാണെങ്കിൽ താരം ആസ്റ്റൺ വില്ല വിടും.ഒരു കാലത്ത് ബ്രസീലിൽ നെയ്മർക്കൊപ്പം ചേർത്ത് വെച്ച താരമായിരുന്നു കൂട്ടിഞ്ഞോ. ലിറ്റിൽ മാജിഷ്യൻ എന്ന് ആരാധകർ സ്നേഹപൂർവ്വം വിളിച്ചിരുന്ന കൂട്ടിഞ്ഞോ ഇപ്പോൾ പഴയ പ്രതാപത്തിന്റെ നിഴലിൽ മാത്രമാണ്. 2013-2018 കാലയളവിൽ ലിവർപൂളിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച താരത്തിന്റെ കരിയറിന്റെ ഗ്രാഫ് താഴുന്നത് 2018 ൽ ബാഴ്സയിലേക്ക് ചേക്കേറിയതോടെയാണ്.

നെയ്മർ പിഎസ്ജിയിലേക്ക് പോയതോടെ നെയ്മറുടെ പകരക്കാരൻ എന്ന വിശേഷണം നൽകിയാണ് കൂട്ടിഞ്ഞോയെ വമ്പൻ തുക മുടക്കി ബാഴ്സ തങ്ങളുടെ തട്ടകത്തിൽ എത്തിക്കുന്നത്. എന്നാൽ ലിവർപൂളിൽ കണ്ട കൂട്ടിഞ്ഞോയെയല്ല പിന്നീട് ആരാധകർ ബാഴ്സയിൽ കണ്ടത്. ആൻഫീൽഡിലെ പ്രകടനം താരത്തിന് ക്യാമ്പ്നൗവിൽ പുറത്തേടുക്കാനായില്ല. ഇടയ്ക്ക് ബയേണിലും ആസ്റ്റൻ വില്ലയിലേക്കും താരം ലോണിൽ പോയി. കഴിഞ്ഞ സീസണിൽ വില്ല താരത്തെ പൂർണമായും സ്വന്തമാക്കുകായിരുന്നു.

താരം ഖത്തറിലേക്കൊ സൗദിയിലേക്കോ പോയാൽ താരത്തിന്റെ യൂറോപ്യൻ കരിയറിന് ഏതാണ്ട് അന്ത്യമാവും. ബ്രസീലിന്റെ വമ്പൻ താരമായി പലരും കരുതിയ ഈ 31 കാരന്റെ കരിയറിൽ താഴ്ച്ചകൾ ഉണ്ടാവുമെന്ന് ആരാധകർ പോലും കരുതിയിരുന്നില്ല.

1/5 - (4 votes)