മരണമാസ്സ്; തോറ്റെന്നുറപ്പിച്ച കളിയിൽ വിജയിച്ച് അൽ നസ്ർ; റോണോയും കൂട്ടരും ചാമ്പ്യൻസ് ലീഗിലേക്ക്|Al-Nassr

മരണമാസ്സ്, അങ്ങനെയേ വിശേഷിപ്പിക്കാൻ കഴിയൂ ഇന്നത്തെ അൽ നസ്ർ- ശബാബ് അൽ അഹ്ലി മത്സരത്തെ. എഎഫ്സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിനായുള്ള അവസാന പ്ലേ ഓഫിലെ അവസാന മിനുട്ട് വരെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ – നസ്ർ പിറകിലായിരുന്നു. ആരാധകർ പോലും അൽ- നസ്റിന്റെ തോൽവി ഉറപ്പാക്കിയ സമയത്താണ് അവസാന ആറ് മിനുട്ടിൽ 3 ഗോളുകൾ നേടി അൽ-നസ്ർ ഗംഭീരവിജയം നേടി എഎഫ്സി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയത്.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിനുള്ള യോഗ്യതയായതിനാൽ ശക്തമായ ടീമിനെ തന്നെയാണ് അൽ നസ്ർ ഇറക്കിയത്. കൂടാതെ മറു ഭാഗത്തുള്ളത് യുഎഇയിലെ കരുത്തരായ ശബാബ് അൽ- അഹ്ലിയും. മത്സരത്തിന്റെ 11 ആം മിനുട്ടിൽ ടലിസ്ക്കയിലൂടെ അൽ-നസ്റാണ് മുന്നിലെത്തിയതെങ്കിലും 18 ആം മിനുട്ടിൽ അൽ ഗസ്സാനിയിലൂടെ ശബാബ് ഒപ്പമെത്തി. 46 ആം മിനുട്ടിൽ അൽ ഗസ്സാനി ഒരിക്കൽ കൂടി വല കുലുക്കി ശബാബിനെ മുന്നിലെത്തിച്ചു.

തിരിച്ചടിക്കാനുള്ള അൽ-നസ്റിന്റെ നീക്കങ്ങളെ ശബാബ് പ്രതിരോധനിര കൃത്യമായി തടഞ്ഞതോടെ ഗോൾ കീപ്പറെ പരീക്ഷിക്കാൻ പോലുമാവാതെ അൽ നസ്ർ പ്രതിസന്ധിയിലായി. റെഗുലർ ടൈമിന്റെ അവസാന മിനുട്ടുകളിൽ 1-2 ന് പിറകിലായി അൽ നസ്ർ പരാജയം ഉറപ്പിച്ച വേളയിലാണ് 88 ആം മിനുട്ടിൽ അൽ ഗനാമിലൂടെ അൽ- നസ്ർ ഒപ്പമെത്തുന്നത്. പിന്നീട് അൽ-നസ്റിന്റെ വക ഗോൾ മഴയായിരുന്നു.

95 ആം മിനുട്ടിൽ ടലിസ്ക്കയും 97 ആം മിനുട്ടിൽ ബ്രോൻസോവിച്ചും അൽ- നസ്റിനായി വല കുലുക്കിയതോടെ അൽ നസ്ർ- 4-2 ന് മുന്നിൽ. അവസാന വിസിലോടെ വിജയം സ്വന്തമാക്കിയ റോണോയും കൂട്ടരും എഎഫ്സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.

4/5 - (1 vote)