അവനെ ടീമിലെടുക്കരുത്; സൗദി ക്ലബ്ബുകൾക്ക് നിർദേശം നൽകി പ്രൊ ലീഗ് മേധാവികൾ

ഇംഗ്ലീഷ് യുവതാരം മെസേൻ ഗ്രീൻവുഡിന്റെ കരിയർ അവതാളത്തിൽ. കാമുകിയെ ആക്രമിച്ച കേസിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ കൈവിട്ടതോടെ സൗദി ക്ലബ്‌ അൽ-ഇത്തിഫാഖ് താരത്തെ സ്വന്തമാക്കാൻ രംഗത്ത് വന്നിരുന്നു. ഇംഗ്ലീഷ് ഇതിഹാസം സ്റ്റീവ് ജെറാർഡ് പരിശീലിപ്പിക്കുന്ന ക്ലബ്ബാണ് അൽ-ഇത്തിഫാഖ്. ഇപ്പോഴിതാ താരത്തിന് മുന്നിൽ അൽ-ഇത്തിഫാഖിന്റെ വാതിലും അടഞ്ഞിരിക്കുകയാണ്.

സൗദി അറേബ്യൻ പ്രൊ ലീഗ് അധികാരികൾ ഗ്രീൻവുഡിനെ സ്വന്തമാക്കാനുള്ള അൽ-ഇത്തിഫാഖിന്റെ നീക്കത്തെ വിലക്കിയതായി ടോക്ക് സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ഗ്രീൻവുഡിനെ പോലെ അക്രമക്കേസിൽ ഉൾപ്പെട്ട ഒരു താരത്തെ തങ്ങളുടെ ലീഗിലേക്ക് എത്തിക്കുന്നത് സൗദി പ്രൊ ലീഗിന്റെ മുഖച്ഛായയ്ക്ക് കോട്ടം സംഭവിക്കുമെന്ന് പ്രൊ ലീഗ് അധികാരികൾ ഭയപ്പെടുന്നത് മൂലമാണ് ഗ്രീൻവുഡിനെ സ്വന്തമാക്കുന്നതിൽ അൽ-ഇത്തിഫാഖിനെ വിലക്കിയത് എന്നാണ് റിപ്പോർട്ടുകൾ.

ഇത്തിഫാഖിനോട്‌ മാത്രമല്ല, മറ്റു പ്രൊ ലീഗ് ക്ലബ്ബുകൾക്കും സമാന നിർദേശമാണ് പ്രൊ ലീഗ് അധികാരികൾ നൽകിയിരിക്കുന്നത്.ഇതോടെ കേവലം 21 വയസ്സ് മാത്രം പ്രായമുള്ള ഗ്രീൻവുഡിന്റെ കരിയർ അവതാളത്തിലായിരിക്കുകയാണ്. കാമുകിയെ ആക്രമിച്ച കേസുള്ളതിനാൽ താരത്തെ വാങ്ങിക്കാൻ യൂറോപ്യൻ ക്ലബ്ബുകളും മടി കാണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഗ്രീൻവുഡിനെ മാഞ്ചസ്റ്റർ ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ട് യുണൈറ്റഡിന്റെ വനിതാ ടീം അംഗങ്ങൾ ഉൾപ്പെടെ പ്രതിഷേധം അറിയിച്ചിരുന്നു. ആരാധകരിൽ ചിലരും ഗ്രീൻവുഡിനെ ടീമിലെടുക്കരുതെന്ന അഭിപ്രായം ഉയർത്തിയതോടെ മാഞ്ചസ്റ്റർ താരത്തെ കൈ വിടുകയായിരുന്നു.

യുണൈറ്റഡിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന ഗ്രീൻവുഡ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തോളം കളത്തിന് പുറത്തായിരുന്നു. വലിയ ഭാവി കണക്കാക്കിയിരുന്ന താരത്തിന് ഇത്തരത്തിലൊരു അവസ്ഥ വന്നതിൽ വലിയ നിരാശ ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്.

2/5 - (4 votes)