റൊണാൾഡോയ്ക്ക് ആളില്ലാ സ്റ്റേഡിയത്തിൽ കളിക്കണം; കാരണം ഇന്ത്യയുടെ പരാതി
ഇന്നലെ എഎഫ്സി ചാമ്പ്യൻസ്ലീഗ് ഗ്രൂപ്പ് ഘട്ടങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയായപ്പോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ ഉൾപ്പെട്ടത് ഗ്രൂപ്പ് ഇ യിലാണ്. ഇറാനിയൻ ക്ലബ്ബ് പെർസെപൊലീസ്, ഖത്തർ ക്ലബ്ബ് അൽ ദുഹൈൽ, തജികിസ്താൻ ക്ലബ്ബ് ഇസ്തികോൾ എന്നിവരാണ് ഗ്രൂപ്പ് ഇയിലെ അൽ നസ്റിന്റെ എതിരാളികൾ.
എന്നാൽ ഇതിൽ ഇറാനിയൻ ക്ലബ്ബ് പെർസെപൊലീസുമായുള്ള അവരുടെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും അൽ നസ്റിനും ആളില്ലാത്ത സ്റ്റേഡിയത്തിൽ കളിക്കേണ്ടി വരും. എതിരാളികളുടെ ഹോം ഗ്രൗണ്ടിൽ ആളില്ലാതെ കളിക്കേണ്ടി വരുന്നത് അൽ നസ്റിനെ സംബന്ധിച്ച് ഒരു അഡ്വാന്റെജ് ആണെങ്കിലും റൊണാൾഡോയുടെ കളി നേരിട്ട് കാണാൻ ലഭിച്ച അവസരം പാഴായത് ഇറാനിയൻ ഫുട്ബോൾ ആരാധകരുടെ തീരാനഷ്ടമാണ്.
പെർസെപൊലീസ് ആളില്ലാ സ്റ്റേഡിയത്തിൽ കളിക്കേണ്ടി വന്നതിനുള്ള കാരണം എഐഎഫ്എഫ് നൽകിയ പരാതിയാണ്. 2021 എഎഫ്സി ചാമ്പ്യൻസ് ലീഗിൽ എഫ്സി ഗോവയും പെർസെപോലീസും ഏറ്റുമുട്ടിയിരുന്നു. എന്നാൽ ഈ മത്സരത്തിന് മുമ്പ് പെർസെപോലീസ് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഗോവയെ പരിഹസിച്ചു കൊണ്ട് ഒരു പോസ്റ്റ് പങ്ക് വെച്ചിരുന്നു. എന്നാൽ പെർസെപൊലീസ് പങ്ക് വെച്ച പോസ്റ്റിൽ ഇന്ത്യൻ സംസ്കാരത്തെ പരിഹസിക്കുന്ന കോൺടെന്റ് കൂടിയുണ്ടായിരുന്നു. ഇതോടെ എഐഎഫ്എഫ് എഎഫ്സിയ്ക്ക് ഒരു പരാതി നൽകുകയും ചെയ്തു. ഈ പരാതിയിൽ ഇറാനിയൻ ക്ലബ് തെറ്റ് ചെയ്തതായി കണ്ടെത്തിയതോടെ എഎഫ്സി പെർസെപൊലീസിന്റെ അടുത്ത ചാമ്പ്യൻസ്ലീഗ് ഹോം ഗ്രൗണ്ടിൽ കാണികളെ പ്രവേശിപ്പിക്കുന്നത് വിലക്കുകയും ചെയ്തു. എന്നാൽ ആ വിലക്ക് വന്നതാവട്ടെ സാക്ഷാൽ റൊണാൾഡോ കളിക്കുന്ന മത്സരത്തിലും.
Issue is from 2021 when Persepolis put up an offensive Insta post ahead of the AFC Champions League in Goa. AIFF complained and sought disciplinary action. AFC punished Persepolis with one ACL match to be played behind closed doors. Now, Persepolis play Ronaldo's Al-Nassr! https://t.co/Nb88UcwWMQ
— Marcus Mergulhao (@MarcusMergulhao) August 24, 2023
റൊണാൾഡോ തങ്ങളുടെ നാട്ടിൽ കൊണ്ട് വന്നിട്ടും കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം ഇല്ലാത്തത് ക്ലബ്ബിനെയും ആരാധകരെയും വലിയ നിരാശയിലാക്കിയിട്ടുണ്ട്. സംഭവത്തിൽ പെർസെപൊലീസ് എഎഫ്സിയ്ക്ക് ഒരു അപീൽ നൽകുമെങ്കിലും ആ അപ്പീൽ തള്ളാനാണ് സാധ്യത.