റൊണാൾഡോയുടെ തകർപ്പൻ ഗോൾ നിഷേധിച്ചു, അനീതിയെന്ന് ചൂണ്ടികാട്ടി റഫറിക്കെതിരെ കോച്ച് |Cristiano Ronaldo

സൗദി പ്രോ ലീഗ് സീസണിൽ തുടർച്ചയായി രണ്ടാം വിജയവും നേടി ക്രിസ്ത്യാനോ റൊണാൾഡോയും സംഘവും എതിരില്ലാത്ത നാല് ഗോളുകൾക്ക് അൽ ശബാബിനെയാണ് തോൽപ്പിച്ചത്. സൗദി പ്രൊ ലീഗിൽ നടന്ന മത്സരത്തിൽ അൽ നസ്റിന്റെ ഹോം സ്റ്റേഡിയത്തിൽ വച്ചാണ് തകർപ്പൻ വിജയം ക്രിസ്ത്യാനോ റൊണാൾഡോയും ടീമും ആസ്വദിക്കുന്നത്. നാലു മത്സരങ്ങളിൽ നിന്നും രണ്ടു വിജയം നേടിയ അൽ നസ്ർ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ്.

മത്സരത്തിൽ ഇരട്ട ഗോളുകളും അസിസ്റ്റും നേടിയ ക്രിസ്ത്യാനോ റൊണാൾഡോയാണ് മത്സരം നിറഞ്ഞുനിന്നത്. എന്നാൽ ആദ്യപകുതിയുടെ ഇരുപതാം മിനിറ്റിൽ ക്രിസ്ത്യാനോ റൊണാൾഡോ നേടുന്ന ഹെഡർ ഗോൾ റഫറി നിഷേധിച്ചിരുന്നു. കോർണർ കിക്കിൽ നിന്നും വരുന്ന പന്തിനുവേണ്ടി കാത്തിരുന്ന ക്രിസ്ത്യാനോ റൊണാൾഡോ എതിർ ടീം താരത്തിനെ പുഷ് ചെയ്തുവെന്ന് പറഞ്ഞാണ് റഫറി ഗോൾ നിഷേധിച്ചത്. എന്നാൽ മത്സരശേഷം ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് അൽ നസർ പരിശീലകൻ.

“എന്തുകൊണ്ടാണ് റഫറി ക്രിസ്ത്യാനോ റൊണാൾഡോയുടെ ഗോൾ നിഷേധിച്ചത്? സൗദി അറേബ്യയിൽ തന്നെ നടന്ന മറ്റൊരു മത്സരത്തിൽ ഇതുപോലെയുള്ള ഒരു സാഹചര്യം ഞാൻ കണ്ടിട്ടുണ്ട്. ഇന്നത്തെ മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോ പുഷ് ചെയ്തതിനേക്കാൾ കൂടുതൽ ശക്തമായിട്ടുള്ള പുഷ് ആയിരുന്നു അത്, പക്ഷേ റഫറി അത് ഗോളായി അനുവദിച്ചു. ” – ലൂയിസ് കാസ്ട്രോ പറഞ്ഞു.

ഇന്നത്തെ മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോ ചെയ്തതിനേക്കാൾ കൂടുതൽ ശക്തമായ സാഹചര്യമാണ് ആ മത്സരത്തിൽ ഉണ്ടായിട്ടുള്ളതെന്നും എന്നാൽ അത് ഗോൾ അനുവദിച്ചു നൽകിയിട്ടുണ്ടെന്നുമാണ് അൽ നസ്ർ കോച്ച് പറഞ്ഞത്. എങ്കിലും മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ക്രിസ്ത്യാനോ റൊണാൾഡോ ഹാട്രിക് ഗോളുകൾ നേടാൻ ലഭിച്ച പെനാൽറ്റി കിക്ക് അവസരം തന്റെ സഹതാരത്തിന് വിട്ടുകൊടുത്തു. സൗദി പ്രോ ലീഗിൽ 5 ഗോളുകൾ നേടിയ ക്രിസ്ത്യാനോ റൊണാൾഡോ ലീഗിലെ ടോപ് സ്കോററാണ്.