വിദേശിയടക്കം നാല് താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ലോണിൽ വിവിധ ടീമുകളിലേക്ക് ചേക്കേറി |Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും നാല് താരങ്ങൾ ലോണിൽ വിവിധ ടീമുകളിലേക്ക് ചേക്കേറി.ബിജോയ് വർഗീസ് , ഗിവ്‌സൺ സിംഗ്, ജസ്റ്റിൻ ഇമ്മാനുവൽ, മുഹമ്മദ് സഹീഫ് എന്നിവരാണ് ലോണിൽ പോയ താരങ്ങൾ.കളിക്കാരുടെ വളർച്ചയും പുരോഗതിയും കണക്കിലെടുത്ത്, അവരുടെ കരിയറിലെ ഈ ഘട്ടത്തിൽ ആവശ്യമായ എക്സ്പോഷറും മാച്ച് എക്സ്പീരിയൻസും നേടാൻ വേണ്ടിയാണു ലോൺ നീക്കങ്ങൾ ഉണ്ടാകുന്നതെന്ന് ക്ലബ് അറിയിച്ചു.

ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരമായ ജസ്റ്റിൻ ഇമ്മാനുവൽ ഗോകുലം കേരളയിലേക്കാണ് ലോണിൽ പോയത്. ഒരു വർഷത്തെ ലോൺ കാലാവധി കഴിഞ്ഞാൽ താരം ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തും.ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി ജസ്റ്റിൻ ഗോൾ നേടുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ 20 കാരനായ നൈജീരിയൻ ഐഎസ്എൽ സ്‌ക്വാഡിൽ ഇടാൻ സാധ്യത കുറവായതിനാലാണ് ലോണിൽ അയക്കുന്നത്.

യുവ പ്രതിരോധ താരം ബിജോയ് വർഗീസ് ഇന്റർ കാശിയിലേക്കാണ് ലോണിൽ പോയത്. ഒരു വർഷത്തെ കരാറാണ് ബിജോയ് ക്ലബ്ബുമായി ഒപ്പുവെച്ചത്.കൂടുതൽ മത്സര പരിചയം നേടുക എന്ന ലക്‌ഷ്യം വെച്ചാണ് താരത്തെ ലോണിൽ അയക്കുന്നത്. മറ്റൊരു യുവ താരമായ മുഹമ്മദ് സഹീഫ് ഗോകുലത്തിലേക്കാണ് പോയത്.

കഴിഞ്ഞ രണ്ടു വർഷമായി ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള സഹീഫ് ഒരു വർഷത്തെ കരാറിലാണ് ഗോകുലത്തിലേക്ക് പോയത്. മധ്യനിര താരമായ ഗിവ്‌സൺ സിംഗ് ഒഡിഷയിലേക്കാണ് പോയത് . ഒരു വർഷത്തെ കരാറിലാണ് താരത്തിന്റെ നീക്കം. 21 കാരനായ താരത്തിന് ബ്ലാസ്റ്റേഴ്സിൽ അവസരങ്ങൾ കുറവായിരുന്നു.

Rate this post