ഫുട്ബോൾ ചരിത്രത്തിൽ ഇതാദ്യം; ബുള്ളറ്റ് ഗോളിൽ ലോക റെക്കോർഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

സൗദി പ്രൊ ലീഗിൽ അൽ ഹസെമിനെ പരാജയപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ പ്രൊ ലീഗിലെ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കിയിരിക്കുകയാണ്. 5-1 എന്ന സ്കോർ ലൈനിലാണ് അൽ നസർ വിജയം സ്വന്തമാക്കിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുമായി നിറഞ്ഞുനിന്നു.

മത്സരത്തിന്റെ 68 ആം മിനിറ്റിൽ ഒരു ബുള്ളറ്റ് ഷോട്ടിലൂടെ റോണോ ടീമിന്റെ നാലാം ഗോൾ നേടിയപ്പോൾ ഫുട്ബോൾ ചരിത്രത്തിലെ ഒരു നാഴികക്കല്ല് കൂടിയാണ് പോർച്ചുഗീസ് സൂപ്പർ താരം സ്വന്തമാക്കിയത്. തന്റെ പ്രൊഫഷണൽ കരിയറിലെ 850 ആം ഗോളാണ് റോണോ ഈ ഗോളിലൂടെ പൂർത്തിയാക്കിയത്. 850 ഗോളുകൾ തികയ്ക്കുന്ന ഫുട്ബോൾ ചരിത്രത്തിലെ ആദ്യ താരം കൂടിയാണ് റോണോ. ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡും റോണോയുടെ പക്കൽ തന്നെയാണ്.

ഇനി തന്റെ കരിയറിൽ 150 ഗോളുകൾ കൂടി നേടിയാൽ ആയിരം ഔദ്യോഗിക ഗോളുകൾ എന്ന സുവർണ്ണ നേട്ടം കൂടി റോണോയ്ക്ക് സ്വന്തമാക്കാനാകും. അർജന്റീനൻ സൂപ്പർതാരം ലയണൽ മെസ്സി മാത്രമായിരിക്കും നിലവിൽ ഇക്കാര്യത്തിൽ റോണോയ്ക്ക് വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള താരം. 818 ഗോളുകളുമായി മെസ്സി റോണോയ്ക്ക് തൊട്ട് പിന്നാലെയുണ്ട്.

പ്രായം 38 ലെത്തി നിൽക്കുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആയിരം ഔദ്യോഗിക ഗോളുകൾ എന്ന സുവർണ്ണനേട്ടം സ്വന്തമാക്കാൻ കഴിയുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

4.8/5 - (30 votes)